കോണ്‍ഗ്രസില്‍ നാളെ മുതല്‍ അടി തുടങ്ങും; പ്രതിപക്ഷ നേതാവാകാന്‍ ചെന്നിത്തലയും മുരളീധരനും, തോല്‍‌വിയുടെ ഉത്തരവാദിത്വം സുധീരനില്‍ കെട്ടിവയ്‌ക്കാന്‍ നീക്കം- എല്ലാം ഹൈക്കമാന്‍ഡിന് വിട്ട് സംസ്ഥാന നേതൃത്വം

വ്യാഴം, 19 മെയ് 2016 (17:30 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തകര്‍ന്നതോടെ നിലവിലെ കോണ്‍ഗ്രസ്  സമവാക്യങ്ങള്‍ മാറിമറിയുമെന്ന് വ്യക്തം. തുടര്‍ഭരണം ഉണ്ടാകുമെന്ന് ആവര്‍ത്തിച്ചുരുന്ന ഉമ്മന്‍ചാണ്ടി  പ്രതിപക്ഷസ്ഥാനം ഏറ്റെടുക്കില്ല എന്ന റിപ്പോര്‍ട്ട് പുറത്തുവന്നത് വരാന്‍ പോകുന്ന കലാപത്തിന് തുടക്കം മാത്രമാണ്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടി തന്നെ ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ഉമ്മന്‍ചാണ്ടി പിന്മാറുന്ന സാഹചര്യത്തില്‍ രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവാകാനാണ് എല്ലാ സാധ്യതയും കാണുന്നതെങ്കിലും വട്ടിയൂര്‍ക്കാവില്‍ നിന്ന് ജയിച്ചു കയറിയ കെ മുരളീധരനും ലിസ്‌റ്റിലുണ്ട്. എ ഗ്രൂപ്പിലെ കരുത്തന്‍‌മാര്‍ പരാജയപ്പെട്ടതാണ് ഉമ്മന്‍ ചാണ്ടിയുടെ ശക്തി കുറച്ചത്. പ്രമുഖ ഐ ഗ്രൂപ്പ് നേതാക്കളായ വിഎസ് ശിവകുമാറും കെ മുരളീധരനും വിഡി സതീശനും ജയിച്ചുകയറിയപ്പോള്‍ എ ഗ്രൂപ്പിലെ പ്രമുഖരായ കെ ബാബു, ഡൊമിനിക് പ്രസന്റേഷന്‍, സ്പീക്കര്‍ എന്‍ ശക്തന്‍ തുടങ്ങിയവര്‍ പരാജയപ്പെട്ടു.

വിശ്വസ്തനായ ടി സിദ്ദിഖ് കുന്നമംഗലത്ത് പരാജയപ്പെട്ടത് ഉമ്മന്‍ചാണ്ടിക്ക് കനത്ത തിരിച്ചടിയായി എന്നതില്‍ സംശയമില്ല.  അതേസമയം, മൂവാറ്റുപുഴയില്‍ പ്രമുഖ നേതാവായ ജോസഫ് വാഴയ്ക്കന്റെ തോല്‍വി ഐ ഗ്രൂപ്പിനും ക്ഷീണമായി. ഇതോടെ തീരുമനങ്ങള്‍ ഹൈക്കമാന്‍ഡിലേക്ക് നീളുമെന്ന് ഉറപ്പാണ്. അങ്ങനെ ഒരു സാഹചര്യമുണ്ടായാല്‍ ഉമ്മന്‍ ചാണ്ടിക്ക് സാഹചര്യം തിരിച്ചടിയാകും. കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ എതിര്‍പ്പിനെ മറികടന്ന് വിവാദങ്ങളില്‍ അകപ്പെട്ടവരെ സ്ഥാനാര്‍ഥിയാക്കിയ മുഖ്യമന്ത്രിക്ക് ഇനിയുള്ള കാര്യങ്ങള്‍ എളുപ്പമാകില്ല.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ എ ഗ്രൂപ്പിന്റെ ശക്തി ക്ഷയിച്ച അവസ്ഥയാണ്. തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയിരുന്ന ഉമ്മന്‍ ചാണ്ടിയില്‍ ഹൈക്കമാന്‍ഡ് വിശ്വാസം അര്‍പ്പിക്കില്ല. സുധീരന്‍ പറയുന്നതുപോലെ വിവാദത്തില്‍ അകപ്പെട്ടവരെ മാറ്റി നിര്‍ത്തണമെങ്കില്‍ തന്നെയും മാറ്റി നിര്‍ത്തണമെന്ന് പറഞ്ഞ മുഖ്യമന്ത്രിയോട് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും സഹതാപമുണ്ടാകില്ല. സുധീരന്റെ നിലപാടുകള്‍ ശരിയായതോടെ ഹൈക്കമാന്‍ഡില്‍ നിന്നുമുള്ള സുധീരനിലും രമേശ് ചെന്നിത്തലയിലും മാത്രമായി ഒതുങ്ങും.

സുധീരനെ കൈവിടാന്‍ ഒരിക്കലും ഹൈക്കമാന്‍ഡ് ഒരുക്കമല്ല. ഗ്രൂപ്പ് തലത്തില്‍ മുന്നേറ്റം കുറിച്ച ഐ ഗ്രൂപ്പിന് പ്രതിപക്ഷ നേതാവ് സ്വപ്‌നങ്ങള്‍ ഉണ്ട്. ചെന്നിത്തല അല്ലെങ്കില്‍ മുരളീധരന്‍ എന്നാണ് കേന്ദ്ര നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യം ഉണ്ടായാല്‍ ചെന്നിത്തലയുടെ അപ്രമാദിത്വം യു ഡി എഫില്‍ ഉണ്ടാകും. ഇതോടെ എ ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് പുതിയൊരു തലം ഉണ്ടാകും. അതേസമയം, തോല്‍‌വിയുടെ ഉത്തരവാദിത്വം സുധീരനില്‍ ചാര്‍ത്തി മുഖം രക്ഷിക്കാന്‍ ഇരു ഗ്രൂപ്പുകളിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റിന്റെ പിടിവാശിയും നിലപാടുകളുമാണ് അനുകൂല സാഹചര്യം ഇല്ലാതാക്കിയതെന്നാണ് ഇവര്‍ പറയുന്നത്.
 

വെബ്ദുനിയ വായിക്കുക