‘‘ഞാൻ മരിക്കുമ്പോൾ പടക്കവിൽപനയ്ക്കും മറ്റുമായുള്ള ലൈസൻസ് എന്റെ ചിതയിലേക്കിടണം" : വെടിക്കെട്ടപകടത്തെ തുടര്‍ന്ന് മരണത്തോടു മല്ലിടുന്ന കഴക്കൂട്ടം സുരേന്ദ്രൻ

തിങ്കള്‍, 11 ഏപ്രില്‍ 2016 (08:04 IST)
കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് ആശാൻമാരിൽ ഒരാളാണ് കഴക്കൂട്ടം അർജുനൻ ആശാന്‍. ആ ആശാന്റെ പ്രിയ ശിഷ്യൻമാരിൽ ഒരാളാണു ഇന്നലെ വെടിക്കെട്ടപകടത്തില്‍ പരിക്ക് പറ്റി മരണത്തോടു മല്ലിടുന്ന കഴക്കൂട്ടം സുരേന്ദ്രൻ. കഴക്കൂട്ടം തെക്കേമുക്ക് ശാന്തിനിവാസിൽ സുരേന്ദ്രൻ മുപ്പതു വർഷം മുമ്പായിരുന്നു കഴക്കൂട്ടത്തു ചെറിയതോതില്‍ ഒരു പടക്കക്കട ആരംഭിച്ചത്. കുറെക്കാലം പടക്കകച്ചവടം നടത്തിയശേഷം ഗൾഫിൽ പോയി തിരികെ വന്നിട്ടാണ് കഴക്കൂട്ടത്ത് മഹാദേവ ബിൽഡിങ് എന്ന കെട്ടിടം നിർമിച്ചു പടക്കനിർമാണ ലൈസൻസും പടക്കവിൽപന ലൈസൻസും സുരേന്ദ്രന്‍ സമ്പാദിച്ചത്.

‘‘ഞാൻ മരിക്കുമ്പോൾ പടക്കവിൽപനയ്ക്കും മറ്റുമായുള്ള ലൈസൻസ് എന്റെ ചിത കത്തുമ്പോള്‍ അതിലേക്കിടണം. എന്റെ മക്കളെ പടക്കനിർമാണവുമായി ബന്ധപ്പെടുത്താൻ ഞാന്‍ ആഗ്രഹിക്കുന്നില്ല.’’ കഴക്കൂട്ടം സുരേന്ദ്രൻ ആറു മാസം മുമ്പു തന്റെ ഉറ്റ സുഹൃത്തിനോടു പറഞ്ഞ വാക്കുകളാണിത്.

പടക്കനിർമാണത്തിനുള്ള ലൈസൻസ് ഇപ്പോള്‍ സുരേന്ദ്രന്റെ മകൻ ഉമേഷിന്റെ പേരിലും പടക്കവിൽപനയ്ക്കുള്ള ലൈസൻസ് മകൾ തുഷാരയുടെ പേരിലുമാണുള്ളത്. ഉത്സവങ്ങൾക്കും മറ്റുമുള്ള മാലപ്പടക്കങ്ങളാണു കൂടുതലും ഇവിടെ വിൽപന നടത്തുന്നത്. ഈ അടുത്തകാലത്തായാണ് വളരെ ചെറിയ വെടിക്കെട്ടുകൾക്കു മാത്രം സുരേന്ദ്രന്‍ കരാറെടുത്തിരുന്നത്. ഇത്തവണ തന്റെ ആശാന്റെ ആഗ്രഹപ്രകാരമാണ് സുരേന്ദ്രൻ പുറ്റിങ്ങലിൽ വലിയ വെടിക്കെട്ടിനു കരാറെടുത്തത്. അതാവട്ടെ കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയൊരു അപകടമായി മാറുകയും ചെയ്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക