കസ്തൂരിരംഗൻ; അന്തിമ വിജ്ഞാപനം സെപ്റ്റംബർ ഒമ്പതിന് - മുഖ്യമന്ത്രി
ബുധന്‍, 29 ജൂലൈ 2015 (09:51 IST)
കസ്തൂരിരംഗൻ റിപ്പോർട്ടിലെ അന്തിമ വിജ്ഞാപനം സെപ്റ്റംബർ ഒമ്പതിനെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിർത്തി പുനർനിർണയിച്ചുള്ള സർവേ ഉടന്‍ പൂര്‍ത്തിയാകും. റിപ്പോർട്ട് വ്യാഴാഴ്ച കേന്ദ്ര സർക്കാരിന് കൈമാറും. കസ്തൂരി രംഗൻ റിപ്പോർട്ടിന്മേലുള്ള അന്തിമ വിജ്ഞാപനം സെപ്തംബർ ഒന്പതിന് പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
കേരളത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസംഘം വീണ്ടും പരിശോധന നടത്തും. കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരം പരിസ്ഥിതിലോല മേഖലാ (ഇഎസ്എ) പരിധിയിൽ പെടുന്ന 119 വില്ലേജുകളിൽ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അദ്ധ്യക്ഷതയിലുള്ള സമിതിയാണ് പരിശോധന നടത്തിയത്.
വനഭൂമിയിൽ വരുന്ന കൃഷിയിടങ്ങളെ വേർതിരിച്ച് അടയാളപ്പെടുത്തി പരിസ്ഥിതിലോല മേഖലകൾ പുനർനിർണയിച്ചുള്ള റിപ്പോർട്ടാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് നൽകുന്നത്. പരിസ്ഥിതിലോല മേഖലകൾ നിർണയിച്ച് വനഭൂമിയിലെ കൃഷിയിടങ്ങളെ താത്കാലിക സർവേയിലൂടെ കണ്ടെത്തി പ്രത്യേക സബ്ഡിവിഷൻ നമ്പർ നൽകിയാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.