സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് ഇപ്പോഴും ശരിയായ നിയമം ഉണ്ടായിട്ടില്ലെന്ന് പാര്‍വതി. താന്‍ നല്‍കിയ പരാതിയിലെ അറസ്റ്റ് അത്തരക്കാർക്ക് ഒരു താക്കീതാണെന്നും പാര്‍വതി പറഞ്ഞു. തനിക്ക് സിനിമകൾ കൂടുതൽ കിട്ടിയതും അവാർഡ് സ്വന്തമാക്കാൻ ആയതുമെല്ലാം അടുത്തിടെയായിരുന്നു എന്നും അതൊന്നും കിട്ടിയില്ലായിരുന്നുവെങ്കിലും ഇങ്ങനെയൊക്കെയേ പ്രതികരിക്കുകയുള്ളു എന്നും പാർവതി പറയുന്നു.
ട്രോളുകള്‍ പോലും തമാശരൂപത്തിലാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ അതൊരു സ്ത്രീയ്ക്ക് നേരെ അല്ലെങ്കില്‍ അവളെ പരിഹസിക്കുന്ന രീതിയിലാണെങ്കില്‍ അത് തീര്‍ച്ചയായും അപമാനിക്കുക തന്നെയാണെന്നും അതിനൊരു താക്കീത് കൂടെയായിരുന്നു അറസ്റ്റ് എന്നും പാർവതി ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
എന്റെ സിനിമകള്‍ വിജയിച്ചു തുടങ്ങിയതും എനിക്ക് അവാര്‍ഡുകള്‍ ലഭിച്ചതുമൊക്കെ അടുത്തകാലങ്ങളിലാണ്. പക്ഷെ, ഇതൊന്നുമില്ലായിരുന്നെങ്കിലും ഞാന്‍ സംസാരിക്കുമായിരുന്നു. റിമ കല്ലിങ്കല്‍, സജിത മഠത്തില്‍, ദീദി തുടങ്ങിയ പലരും ഇപ്പോള്‍ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ചൂഷണങ്ങളെപ്പറ്റി തുറന്നു പറയുന്നുണ്ട്.
'മമ്മൂട്ടിയുടെ സിനിമയെ വിമര്‍ശിച്ചപ്പോഴും എനിക്ക് അദ്ദേഹത്തോട് ബഹുമാനം മാത്രമാണുള്ളത്. ഒരിക്കലും അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിച്ചിട്ടില്ല. ആരാധകരോട് എന്തു പറയണം, എങ്ങനെ ആശയവിനിമയം നടത്തണം എന്നത് പൂര്‍ണമായും അദ്ദേഹത്തിന്റെ തീരുമാനമാണ്. ഞാന്‍ പറഞ്ഞകാര്യങ്ങള്‍ പൊതുസമൂഹത്തിന് മനസ്സിലാകുന്നതുവരെ ഈ പറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കും' -പാര്‍വതി പറഞ്ഞു.