സ്ട്രീറ്റ്‌ലൈറ്റ്സ് ടീസര്‍, തരംഗമാകാന്‍ മമ്മൂട്ടിയുടെ പൊലീസ് വേഷം

വ്യാഴം, 4 ജനുവരി 2018 (13:57 IST)
സൌത്തിന്ത്യയില്‍ ഏറ്റവും റീച്ചുള്ള താരം ആരാണ്? രജനികാന്ത്, വിജയ് അങ്ങനെ പലരുടെയും പേരുയര്‍ന്നേക്കാം. എങ്കില്‍ ഇനി ധൈര്യമായി പറയാം, മമ്മൂട്ടിയെന്ന്. അതേ, മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ രണ്ടും കല്‍പ്പിച്ചാണ്.
 
ക്യാമറാമാന്‍ ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ‘സ്ട്രീറ്റ് ലൈറ്റ്സ്’ മൂന്ന് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേദിവസം പ്രദര്‍ശനത്തിനെത്തും. ഒരു മമ്മൂട്ടിച്ചിത്രം ഒരേസമയം മൂന്ന് ഭാഷകളില്‍ റിലീസ് ചെയ്യുന്നത് ഇതാദ്യമാണ്.
 
മോഹന്‍ലാലിന്‍റെ പുലിമുരുകന്‍റെ തെലുങ്ക് പതിപ്പ് വന്‍ ഹിറ്റായിരുന്നു. മോഹന്‍ലാലിന്‍റെ തന്നെ ജനതാ ഗാരേജ് എന്ന തെലുങ്ക് സിനിമ 150 കോടി കളക്ഷന്‍ നേടി. അവയുടെയൊക്കെ മുകളില്‍ നില്‍ക്കുന്ന വിജയം സ്വന്തമാക്കാനാണ് ഇപ്പോള്‍ സ്ട്രീറ്റ് ലൈറ്റ്സിലൂടെ മമ്മൂട്ടി ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ ആദ്യ ടീസര്‍ ജനുവരി അഞ്ചിന് വെള്ളിയാഴ്ച പുറത്തുവിടും. വന്‍ പ്രതീക്ഷയാണ് ടീസറിനെക്കുറിച്ച് ഉയര്‍ന്നിട്ടുള്ളത്. സ്ട്രീറ്റ് ലൈറ്റ്സിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിടുക. 
 
സ്ട്രീറ്റ് ലൈറ്റ്സ് ഒരു ഡാര്‍ക്ക് ത്രില്ലറാണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും മമ്മൂട്ടി തന്നെ. താന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയില്‍ മമ്മൂട്ടി നായകനാകണമെന്നായിരുന്നു ഷാംദത്തിന്‍റെ ആഗ്രഹം. അതിനായി മമ്മൂട്ടിയുടെ അടുക്കല്‍ കഥ പറയാനെത്തി. പറഞ്ഞ കഥ കേട്ട് ത്രില്ലടിച്ച മമ്മൂട്ടി “ഈ സിനിമ എത്ര പെട്ടെന്ന് തുടങ്ങാന്‍ പറ്റും?” എന്നാണ് അന്വേഷിച്ചത്. മാത്രമല്ല, കഥയില്‍ ആവേശം കയറിയ മമ്മൂട്ടി താന്‍ തന്നെ പടം നിര്‍മ്മിക്കാമെന്നും അറിയിച്ചു. 
 
ഈ സിനിമയില്‍ ഒരു നായിക ഇല്ല എന്നതും പ്രത്യേകതയാണ്. 35 ദിവസം കൊണ്ട് ഷാംദത്ത് ചിത്രീകരണം പൂര്‍ത്തിയാക്കി. കസബയ്ക്ക് ശേഷം മമ്മൂട്ടി പൊലീസുദ്യോഗസ്ഥനായി എത്തുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്സ്. ലിജോ മോള്‍, സോഹന്‍ സീനുലാല്‍, സുധി കൊപ മുതലായവരാണ് മറ്റുതാരങ്ങള്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഫവാസ് ആണ്. 
  
മമ്മൂട്ടിയുടെ വെനീസിലെ വ്യാപാരി, പ്രമാണി തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണം ഷാംദത്തായിരുന്നു. കമല്‍ഹാസന്‍റെ ഉത്തമവില്ലന്‍, വിശ്വരൂപം 2 എന്നിവയുടെ ക്യാമറയും അദ്ദേഹമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍