തീവണ്ടി അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ച; ഒരു ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തിങ്കള്‍, 29 ഓഗസ്റ്റ് 2016 (12:00 IST)
കറുകുറ്റി തീവണ്ടി അപകടത്തിന് കാരണം റെയില്‍വേ ഉദ്യോഗസ്ഥരുടെ വീവ്ചയെന്ന് റിപ്പോര്‍ട്ട്. സംഭവത്തിന് ഒരു റെയില്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. തകരാറിലായ പാളം വേണ്ടവിധത്തില്‍ അറ്റകുറ്റപ്പണി നടത്താത്തതാണ് അപകടത്തിന് വഴിവെച്ചതെന്ന് സൂചന. റെയില്‍വേയുടെ ഒഎംസി ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു. 
 
വിള്ളലുള്ള ഭാഗം മുറിച്ചു മാറ്റി വെല്‍ഡ് ചെയ്ത് പിടിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇതിനു പകരം രണ്ടു വളങ്ങളിലും സ്റ്റീല്‍ പ്ലേറ്റ് ഇട്ട് നട്ടും ബോള്‍ട്ടും ഇട്ട് മുറുക്കുക മാത്രമാണ് ചെയ്തത്. തീവണ്ടി കടന്നു പോയപ്പോള്‍ വിള്ളല്‍ വലുതാവുകയും പാളം പൊട്ടിമാറുകയും ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. പെര്‍മനന്റ് ബേ ഇന്‍സ്‌പെക്ടറെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഇതു സംബന്ധിച്ച് റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുടെ സിറ്റിംഗ് നാളെ കൊച്ചിയില്‍ നടക്കും. 
 

വെബ്ദുനിയ വായിക്കുക