കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യബസ് സമരം; പരീക്ഷകള്‍ മാറ്റിവെച്ചു

ബുധന്‍, 6 ഏപ്രില്‍ 2016 (09:47 IST)
കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യബസുകള്‍ പണിമുടക്കുന്നു. ബോണസ്, ക്ഷാമബത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബസ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
 
ചൊവ്വാഴ്ച ജില്ല ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്ക് ആരംഭിക്കുകയായിരുന്നു. അതേസമയം, കോഴിക്കോട് റീജണല്‍ ജോയിന്‍റ് ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ ഇന്ന് വൈകുന്നേരം മൂന്നിന് യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
 
തൊഴിലാളികള്‍ 20 ശതമാനം ബോണസും 647 രൂപ ക്ഷാമബത്തയും ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് നേരത്തെ നോട്ടീസ് നല്‍കിയിട്ടും നടപടി ഒന്നും ഉണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. മറ്റു ജില്ലകളില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
 
സ്വകാര്യബസുകളുടെ അനിശ്ചിതകാല സമരത്തെ തുടര്‍ന്ന് കണ്ണൂര്‍ സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കിയതായി പരീക്ഷാ കണ്‍ട്രോളര്‍ ഡോ എസ് പ്രദീപ്കുമാര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക