കണ്ണൂരില്‍ ഇരുനില കെട്ടിടത്തില്‍ വന്‍ സ്‌ഫോടനം; അഞ്ചു പേര്‍ക്ക് പരുക്ക്; സ്‌ഫോടനം അനധികൃത പടക്ക നിര്‍മ്മാണത്തിനിടെയെന്ന് സൂചന

വെള്ളി, 25 മാര്‍ച്ച് 2016 (07:36 IST)
കണ്ണൂരില്‍ പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയിലെ വീട്ടിൽ രാത്രി പതിനൊന്നരയോടെ ദുരൂഹ സാഹചര്യത്തിൽ വൻ സ്ഫോടനം. ഇരുനില വീട് പൂർണമായും തകർന്നു. 
 
അലവിൽ സ്വദേശിയായ അനൂപ് മാലിക് എന്നയാളും കുടുംബവും വാടകയ്ക്കു താമസിച്ചിരുന്ന വീടാണ് തകർന്നത്. അനൂപ് മാലിക് സംഭവസമയത്തു സ്ഥലത്തുണ്ടായിരുന്നില്ല. സംഭവത്തില്‍ അനൂപ് മാലിക്കിന്റെ മകള്‍ ഹിബയ്ക്കും ഭാര്യ റാഹിലയ്ക്കും സമീപവാസിയായ പ്രഭാകരനും മറ്റു രണ്ടുപേര്‍ക്കും പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഹിബയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
പ്രദേശത്താകെ വെടിമരുന്നിന്റെ രൂക്ഷഗന്ധമാണ്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കഥാകൃത്ത് ടി പത്മനാഭന്റെ വീടുള്‍പ്പടെ സമീപത്തുളള അഞ്ച് വീടുകള്‍ തകര്‍ന്നു. തകര്‍ന്ന വീടിന്റെ ചെങ്കല്‍ച്ചീളുകള്‍ നൂറുമീറ്ററിലേറെ അകലെവരെ തെറിച്ചുവീണു. വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാറും പൂര്‍ണമായും തകര്‍ന്നു. അഞ്ചു കിലോമീറ്റര്‍ ദൂരെവരെ സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി.
 
അനധികൃത പടക്കശേഖരമാണ് പൊട്ടിത്തെറിച്ചതെന്നു സംഭവസ്ഥലം സന്ദർശിച്ച ജില്ലാ പൊലീസ് ചീഫ് ഹരിശങ്കർ പറഞ്ഞു. സ്ഫോടകവസ്തു ശേഖരത്തിനു പിന്നില്‍ ആരാണെന്നു സംമ്പദ്ധിച്ച വിവരം ലഭിച്ചതായി അദ്ദേഹം അറിയിച്ചു. ഫയര്‍ഫോഴ്‌സും ബോംബ് സ്‌ക്വാഡും ഉള്‍പ്പെടെ വന്‍ പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവസ്ഥലത്തു നിന്നു കണ്ടെടുത്ത പൊട്ടാതെ കിടന്ന സ്ഫോടക വസ്തുക്കൾ ബോംബ് സ്ക്വാഡ് രാത്രിതന്നെ നിർവീര്യമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അനൂപ് മാലിക്കിനായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവസമയത്തും ഇയാള്‍ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് പൊലീസിനു ലഭിച്ച വിവരങ്ങള്‍.
 
 
 

വെബ്ദുനിയ വായിക്കുക