കണ്ണൂരില്‍ തങ്ങളുടെ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിനു പ്രതികാരമായി പാര്‍ട്ടിയുടെ കണ്ണൂരിലെ ശക്തികേന്ദ്രങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ബിജെപി തയ്യാറെടുക്കുന്നു. ഇതിനായി പാര്‍ട്ടി ദേശീയ നേതൃത്വവും സംസ്ഥാന ഘടകവും കര്‍മ്മ പരിപാടികള്‍ തയ്യാറാക്കിക്കഴിഞ്ഞതായാണ് വിവരം.
കണ്ണൂരില്‍ ബിജെപിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി സിപിഎമ്മിന്റെ ചെങ്കോട്ടകള്‍ പൊളിച്ചടുക്കാനാണ് പാര്‍ട്ടി തീരുമാനം. ഇതിനായി സിപിമ്മിന്റെ ശക്തി കേന്ദ്രങ്ങളില്‍ നിന്ന് നിരവധി ആളുകള്‍ക്ക് ബിജെപി അംഗത്വം നല്‍കാനാണ് പാര്‍ട്ടി തീരുമാനം.
ജില്ലയിലെ അക്രമ രാഷ്ട്രീയത്തിന്റെ ഉത്തരവാദിത്തം സിപിഎമ്മിന്റെ തലയില്‍ വച്ചുകെട്ടുന്ന തരത്തിലുള്ള പ്രചാരണവും ബിജെപി നടത്തും. കാലിക്കടവ് മുതല്‍ മാഹിവരെയുള്ള സ്ഥലങ്ങളില്‍ നിന്നും പുതുതായി കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനും ബിജെപി ലക്ഷ്യമിടുന്നു.
പാര്‍ട്ടി ഗ്രാമങ്ങളില്‍ അസംതൃപ്തരും സിപിഎമ്മിനോട് വിവിധ കാരണങ്ങളാല്‍ ഇടഞ്ഞു നില്‍ക്കുന്നവരുമായ പ്രാദേശിക നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് ലക്ഷ്യമിടുന്നത്. സിപിഎമ്മിനെതിരെയുള്ള ജനവികാരം മുതലെടുക്കാനായി ബിജെപി വടക്കന്‍ മേഖലാ ജാഥകള്‍ സംഘടിപ്പിക്കുന്നുണ്ട്.
ഈ ജാഥകള്‍ കടന്നുപോകുന്നത് കൂടുതലും സിപിഎം ശക്തി കേന്ദ്രങ്ങളായ പയ്യന്നൂര്‍, ഏഴോം, കണ്ണോം, ധര്‍മ്മടം, കൂത്തുപറമ്പ്, ചെറുകുന്ന്, കല്യാശേരി, തലശേരി തുടങ്ങിയ സ്ഥലങ്ങളില്‍ കൂടിയാണ്. ജാഥ കടന്നുപോകുമ്പോള്‍ തന്നെ അംഗത്വ വിതരണവും നടത്തി സിപിഎമ്മിനെ ഞെട്ടിക്കാനാണ് ബിജെപി തീരുമാനം.
ഇത്തരത്തില്‍ പാര്‍ട്ടി വിട്ട് വരുന്നവരെ സംരക്ഷിക്കാനാണ് ബിജെപിയും ആര്‍എസ്എസും ലക്ഷ്യമിടുന്നത്. എന്നാല്‍ ബിജെപിയുടെ നീക്കം മുന്‍കൂട്ടി കണ്ട് മനോജ് വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നിരപരാധിത്വം തലശേരി, കതിരൂര്‍, പാനൂര്‍ മേഖലകളില്‍ സിപിഎം അനുഭാവികള്‍ക്ക് ബോധ്യപ്പെടുത്തിവരികയാണ്. കൂടുതല്‍ വിശദീകരണങ്ങള്‍ക്കായി ജില്ലയിലാകെ കുടുംബയോഗങ്ങളും വിളിക്കും. പ്രമുഖ നേതാക്കളാണ് യോഗങ്ങളില്‍ പങ്കെടുക്കുക.