പിണറായി മോദിയ്ക്ക് പഠിക്കുകയല്ല; പഠിക്കുന്നത് ഉമ്മൻചാണ്ടിയ്ക്ക് തന്നെയാണ്: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രന്‍

വെള്ളി, 15 ജൂലൈ 2016 (18:23 IST)
ജനങ്ങള്‍ക്കു വേണ്ടി എടുക്കുന്ന തീരുമാനങ്ങള്‍ ജനങ്ങള്‍ അറിയരുതെന്ന് എന്തിനാണ് സര്‍ക്കാര്‍ ശഠിക്കുന്നതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കമ്യൂണിസ്‌റ് രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ ഇതിനു വേണ്ടി വാദിക്കുന്ന യു ഡി എഫ് സര്‍ക്കാര്‍ അവരുടെ ഭരണകാലത്തും ഇതേ നിലപാടു തന്നെയാണ് സ്വീകരിച്ചിരുന്നതെന്നും സുരേന്ദ്രന്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.  
 
കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
 
മന്ത്രിസഭാ തീരുമാനങ്ങൾ ആർക്കുവേണ്ടിയാണ് സത്യത്തിൽ? ജനങ്ങൾക്കു വേണ്ടി ഭരിക്കുന്നു എന്നല്ലേ പറയുന്നത്? ജനങ്ങൾക്കുവേണ്ടി എടുക്കുന്ന തീരുമാനങ്ങൾ ജനങ്ങൾ അറിയരുതെന്നു ശഠിക്കുന്നതിന്റെ ലോജിക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. കമ്യൂണിസ്റ് രാജ്യങ്ങളിൽ ഇങ്ങനെയൊക്കെ കേട്ടിട്ടുണ്ട്. രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും സബ്ജുഡിസ് ആയ വിവരങ്ങളും ഒഴികെ എല്ലാം വിവരാവകാശനിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നിലപാട്. ഇപ്പോൾ ഇതിനു വേണ്ടി വാദിക്കുന്ന യു ഡി എഫ് അവരുടെ ഭരണകാലത്ത് ഇതേ നിലപാടു തന്നെയാണ് എടുത്തിരുന്നത്. ഇടക്കാലത്ത് പറഞ്ഞു കേട്ടിരുന്നു പിണറായി മോദിക്കു പഠിക്കാൻ ശ്രമിക്കുകയാണെന്ന്. ഇപ്പം ബോധ്യമായില്ലേ പഠിക്കുന്നത് ഉമ്മൻ ചാണ്ടിക്കു തന്നെയാണെന്ന്. എല്ലാം ശരിയായി വരികയാണ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക