ഗുരുതര അച്ചടക്ക ലംഘനം; ഗോപാലകൃഷ്ണനും പ്രശാന്തിനും സസ്‌പെന്‍ഷന്‍

രേണുക വേണു

ചൊവ്വ, 12 നവം‌ബര്‍ 2024 (07:27 IST)
Prasanth Nair and Gopalakrishnan

മതാടിസ്ഥാനത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഐഎഎസ്, കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍.പ്രശാന്ത് ഐഎഎസ് എന്നിവര്‍ക്ക് സസ്‌പെന്‍ഷന്‍. ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവ് പുറത്തിറക്കിയത്. ഗോപാലകൃഷ്ണനും പ്രശാന്തും ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിനു അവമതിപ്പുണ്ടാക്കും വിധം പ്രവര്‍ത്തിച്ചെന്നും ഉത്തരവില്‍ പരാമര്‍ശമുണ്ട്. 
 
കെ.ഗോപാലകൃഷ്ണന്‍ മതാടിസ്ഥാനത്തില്‍ ചേരിതിരിവുണ്ടാക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിലൂടെ ഉദ്യോഗസ്ഥര്‍ക്കിടയിലെ സാഹോദര്യം തകര്‍ക്കാന്‍ ശ്രമിച്ചു. മൊബൈലുകള്‍ ഫാക്ടറി റീ സെറ്റ് ചെയ്താണ് ഗോപാലകൃഷ്ണന്‍ അന്വേഷണത്തിനായി കൈമാറിയതെന്നും ഉത്തരവില്‍ പറയുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറിയടക്കമുള്ളവര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രശാന്തിന്റെ പരാമര്‍ശങ്ങള്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിനെ പൊതുമധ്യത്തില്‍ നാണം കെടുത്തിയെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. 
 
ഇരുവരും സര്‍വീസ് ചട്ടങ്ങളുടെ ഗുരുതര ലംഘനമാണ് നടത്തിയത്. കെ.ഗോപാലകൃഷ്ണന്‍ മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടുവെന്നും സമൂഹത്തില്‍ വിഭജനം ഉണ്ടാക്കുന്ന തരത്തിലാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍