പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയേയും കുടുംബത്തേയും പൊലീസ് തടഞ്ഞു. ഡിജിപി ഓഫിസിനു 100 മീറ്റർ അടുത്തായാണ് അവരെ പൊലീസ് തടഞ്ഞത്. അതേസമയം, പിൻമാറാൻ തയ്യാറല്ലെന്ന് കുടുംബം അറിയിച്ചു. സംഘര്‍ഷത്തെത്തുടര്‍ന്ന് ബന്ധുക്കളെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് വാനിലേക്ക് നീക്കി. ഏറെനേരം റോഡില്‍ കിടന്ന് പ്രതിഷേധിച്ച ജിഷ്ണുവിന്റെ അമ്മ മഹിജയെ റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് വാനിലേക്ക് കയറ്റിയത്.
അതേസമയം, ജിഷ്ണുവിന്റെ കുടുംബത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചർച്ചയ്ക്കു ക്ഷണിച്ചു. കുടുംബാംഗങ്ങളായ അഞ്ചുപേർക്ക് ചർച്ചയിൽ പങ്കെടുക്കാമെന്ന് ഇന്നു രാവിലെ ജിഷ്ണുവിന്റെ അമ്മ മഹിജയെ നേരിട്ടുകണ്ട് മ്യൂസിയം സിഐ അറിയിച്ചിരുന്നു. കൂടാതെ ഇവിടെ സമരം ചെയ്യരുതെന്ന് സി ഐ ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം നിരാഹാരമിരിക്കുകയാണെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും മുന്നറിയിപ്പു നൽകിയിരുന്നു. ജിഷ്ണുവിന്റെ മാതാപിതാക്കളും കുടുംബക്കാരുമടക്കം 14 പേരാണ് സമരത്തിനെത്തിയത്.