ജിഷയുടെ കൊലപാതകം: സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു, അക്രമം മുഖ്യമന്ത്രിയോടു ചോദ്യം ചോദിച്ചതിന്
ബുധന്‍, 4 മെയ് 2016 (09:01 IST)
പെരുമ്പാവൂർ കുറുപ്പംപടിയിൽ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊല ചെയ്യപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ അമ്മയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മടങ്ങിയതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു. മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യങ്ങള്‍ അതിരു കടന്നുവെന്നും മാധ്യമപ്രവര്‍ത്തകരാണ് കാര്യങ്ങള്‍ ഇത്രയും വഷളാക്കിയതെന്നുമാരോപിച്ചായിരുന്നു കൈയേറ്റം.
മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ശേഷം മുഖ്യമന്ത്രി മടങ്ങിയപ്പോള്‍ ആണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞത്. മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലാണ് മാധ്യമവാര്‍ത്തകള്‍ പുറത്തു വരുന്നതെന്നും കൈയേറ്റക്കാരില്‍ ചിലര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നും ഇവര്‍ പറഞ്ഞു.
അതേസമയം, ജിഷയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ അഞ്ചു മണിക്കുര്‍ ചോദ്യം ചെയ്‌തിട്ടും തെളിവൊന്നും ലഭിച്ചില്ല. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ രഹസ്യകേന്ദ്രത്തില്‍ വിശദമായ ചോദ്യം ചെയ്യല്‍ നടത്തിയിട്ടും സംഭവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന യാതൊരു തെളിവോ സൂചനയോ ലഭിച്ചില്ല.