സിപിഎം എത്ര ശ്രമിച്ചാലും ബിജെപിയെ തകര്‍ക്കാനാകില്ല; വികസനത്തിന്റെ പേരില്‍ ഏറ്റുമുട്ടാന്‍ പിണറായി ഒരുക്കമാണോ ? - അമിത് ഷാ
ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (20:00 IST)
മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലാണ് ഏറ്റവും കൂടുതല്‍ ബിജെപി പ്രവർത്തകർക്കു ജീവൻ നഷ്ടപ്പെടുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. സിപിഎം അധികാരത്തിലെത്തുമ്പോഴെല്ലാം ആർഎസ്എസ് - ബിജെപി പ്രവർത്തകർക്കെതിരെ വ്യാപക അക്രമം അഴിച്ചു വിട്ടിട്ടുണ്ട്. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
ബിജെപിയെ അക്രമത്തിലൂടെ അടിച്ചമർത്താനാണു സിപിഎം ശ്രമിക്കുന്നതെങ്കിൽ അവർക്ക് അതിനു കഴിയില്ല. പിണറായി സർക്കാർ വന്നതിനുശേഷം 13 പ്രവർത്തകരാണു കൊല്ലപ്പെട്ടത്. കൊലപാതക കേസുകളിലെ പ്രതികളെ പാര്‍ട്ടിയുടെ സ്ഥാനമാനങ്ങളില്‍ എത്തിക്കുന്ന രീതിയാണ് അവര്‍ക്കുള്ളത്. ബിജെപിയുടെ പാർട്ടി ഓഫീസുകൾ സിപിഎം പ്രവര്‍ത്തകര്‍ ബോംബ് വച്ച് തകർക്കുകയാണെന്നും ജനരക്ഷായാത്രയുടെ സമാപനസമ്മേളനത്തിൽ സംസാരിക്കവെ അമിത് ഷാ ആരോപിച്ചു.
സ്വാതന്ത്ര്യത്തിന്റെ എഴുപത് വർഷങ്ങൾക്ക് ശേഷവും ബിജെപിക്ക് ഇത്തരത്തിലൊരു പരിപാടി നടത്തേണ്ടി വന്നതും കേരളത്തിലെ അക്രമരാഷ്ട്രീയത്തിന്റെ തെളിവാണ്. ബിജെപി പ്രവർത്തകരെ ഇല്ലായ്മ ചെയ്യാനാണോ ജനങ്ങൾ സിപിഎമ്മിനെ അധികാരത്തില്‍ എത്തിച്ചത്. കേരളത്തിൽ നടക്കുന്ന അക്രമം അവസാനിപ്പിക്കാനായിരുന്നു ജനരക്ഷായാത്ര. കൊലപാതകങ്ങൾ നടത്തിയവർക്ക് ശിക്ഷ ഉറപ്പാക്കാൻ നിയമനടപടി തുടരുമെന്നും ബിജെപി ദേശീയ അധ്യക്ഷൻ പറഞ്ഞു.
വികസനത്തിന്റെയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെയും കാര്യത്തില്‍ തങ്ങളോട് ഏറ്റുമുട്ടാന്‍ സിപിഎ ഒരുക്കമാണോ ?. വികസനകാര്യത്തിൽ പിണറായിയുമായി സംവാദത്തിന് തയാറാണ്. സോളാർ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിട്ടത് യാത്രയുടെ ശ്രദ്ധ തിരിക്കാനാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ജനരക്ഷായാത്രയുടെ സമാപനച്ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം വിശ്വസിക്കുന്നത് അക്രമ രാഷ്ട്രീയത്തിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ജനരക്ഷായാത്ര കോൺഗ്രസിനെയും കമ്യൂണിസ്റ്റിനെയും വച്ചുപൊറുപ്പിക്കില്ല എന്ന ജനവികാരമാണു ഉണ്ടാക്കിയത്. കോൺഗ്രസ് തകർന്നു തരിപ്പണമായെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.