വിജിലന്‍സ് ഡയറക്‍ടര്‍ക്ക് രൂക്ഷവിമര്‍ശനം; മന്ത്രിമാര്‍ അടക്കമുള്ളവരുടെ കേസില്‍ അന്വേഷണം വൈകുന്നുവെന്ന് കോടതി
ചൊവ്വ, 3 ജനുവരി 2017 (13:32 IST)
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമെതിരായ പരാതിയിൽ വിജിലൻസ് അന്വേഷണം വൈകുന്നുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പരാമര്‍ശം.
മന്ത്രിയായിരുന്ന ഇപി ജയരാജനും ഐജി ശ്രീലേഖയ്ക്കുമെതിരായ അന്വേഷണം വൈകി. ഇത് തെറ്റായ കീഴ്‍വഴക്കമാണെന്നും കോടതി പറഞ്ഞു. തോട്ടണ്ടി ഇറക്കുമതി നടത്തിയതിൽ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ക്രമക്കേടു നടത്തിയെന്ന പരാതി പരിഗണിക്കുമ്പോഴായിരുന്നു കോടതി വിജിലന്‍സ് ഡയറക്ടറുടെ നടപടികളെ ചോദ്യം ചെയ്തത്.
മന്ത്രിമാര്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം വൈകുകയാണ്. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്ക് എതിരായ പരാതിയില്‍ അന്വേഷണം വൈകുന്നത് എന്തുകൊണ്ട് ?. മന്ത്രിയായിരുന്ന ഇപി ജയരാജന്റെ കേസിലും ശ്രീലേഖ ഐപിഎസിന്റെ കേസിലും ഇതാണുണ്ടായത്. പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുമ്പോൾ നീതി ലഭിക്കാത്തതുകൊണ്ടല്ലേ കോടതിയെ സമീപിക്കേണ്ടിവന്നത്? ഇത് തെറ്റല്ലേ എന്നും കോടതി ചോദിച്ചു.
അതേസമയം, വിജിലൻസ് ഡയറക്‍ടറെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. വിജിലൻസ് സർക്കാർ വിലാസം സംഘടനയാണ്. ആദ്യത്തെ ആവേശം വിജിലൻസിന് ഇപ്പോഴില്ല. ഇപ്പോൾ തുള്ളുന്നത് സർക്കാർ നിർദേശ പ്രകാരമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.