ഐഎസ് ബന്ധമുളളവർക്കെതിരെ യുഎപിഎ; ഇവര്‍ക്ക് ഭീകരരുമായി നേരിട്ടു ബന്ധമുണ്ടെന്ന് നിഗമനം
തിങ്കള്‍, 11 ജൂലൈ 2016 (16:40 IST)
കേരളത്തിൽ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായവരില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചവർക്കെതിരെ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) ചുമത്തും. കാസർഗോഡ് ജില്ലക്കാരായ 5 പേർക്കെതിരെയാണ് യുഎപിഎ ചുമത്തുക.
പതിനൊന്നു പേരില്‍ അഞ്ചുപേർക്ക് ഐഎസുമായി നേരിട്ടു ബന്ധമുണ്ടെന്നാണു കേന്ദ്ര – സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ പ്രാഥമിക നിഗമനം. കേസ് എൻഐഎയ്ക്ക് കൈമാറുന്നതിനു മുന്നോടിയായിട്ടാണ് യുഎപിഎ ചുമത്തുന്നത്.
കാസർഗോഡ് തൃക്കരിപ്പൂരിൽ നിന്നു കുടുംബങ്ങളെ കാണാതായ കേസിന്റെ അന്വേഷണം എൻഐഎക്ക് കൈമാറാൻ സംസ്‌ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇവരുടെ ഫേസ്‌ബുക്ക്, ഇ മെയിൽ സന്ദേശങ്ങൾ പരിശോധിച്ചപ്പോൾ ഐഎസ് ബന്ധമുള്ളതായി സംശയം ഉയർന്നിരുന്നു.
അതേസമയം, പാലക്കാട്ടുനിന്ന് മറ്റൊരാളെക്കൂടി കാണാനില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. കഞ്ചിക്കോട് സ്വദേശി ഷിബിയെയാണ് കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് ഷിബിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുകയാണ്. നേരത്തേ കാണാതായ യഹ്യ, ഇസ്സ എന്നിവരുമായി ഷിബിക്ക് ബന്ധമുണ്ടെന്ന് സൂചനയും ലഭിച്ചു.