കേരളത്തിലെ അതിഥി തൊഴിലാളികളില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ സര്‍ക്കാര്‍. ആലുവയില്‍ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് നടപടി. അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരും നടപടിക്ക് ഒരുങ്ങുന്നത്.
അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്ന നിയമം കേരളത്തില്‍ കൊണ്ടുവരുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. നിലവില്‍ അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമം-1979 നെ ആണ് ഇക്കാര്യത്തില്‍ ആശ്രയിക്കുന്നത്. സംസ്ഥാനത്ത് എത്തുന്ന ഏതൊരു അതിഥി തൊഴിലാളിയും രജിസ്റ്റര്‍ ചെയ്യപ്പെടണം. അതിനു ആവശ്യമായ സംവിധാനം തൊഴില്‍ വകുപ്പ് ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആവാസ് ഇന്‍ഷൂറന്‍സ് കാര്‍ഡ് അതിഥി തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 5 ലക്ഷത്തില്‍ പരം അതിഥി തൊഴിലാളികള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ രജിസ്റ്റര്‍ ചെയ്യാത്ത തൊഴിലാളികളെ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യിക്കാനുള്ള നടപടികള്‍ തൊഴില്‍ വകുപ്പ് കൈക്കൊള്ളും. നിലവിലെ നിയമപ്രകാരം കോണ്‍ട്രാക്ടര്‍ മുഖേന അഞ്ചോ അതിലധികമോ അതിഥി തൊഴിലാളികളെ ജോലി ചെയ്യിക്കാന്‍ മാത്രമേ ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുള്ളൂ. ഇക്കാര്യത്തില്‍ മാറ്റം വരുത്തി ഓരോ തൊഴിലാളിയും രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമുണ്ടാക്കണം.സംസ്ഥാനത്ത് എത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് അതത് സംസ്ഥാനങ്ങളിലെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനാകുമോ എന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികള്‍ത്ത് അതത് സംസ്ഥാനങ്ങളിലെ പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തിയാല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ അത് സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.