നടനും എംപിയുമായ ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീണ്ടും അർബുദ രോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫേസ്‌ബുക്കിലൂടെ ഇന്നസെന്റ് തന്നെയാണ് രോഗവിവരം പറഞ്ഞത്.
കാൻസർ രോഗത്തിൽ നിന്ന് മുക്തനായ ശേഷം കൃത്യമായ ഇടവേളകളിൽ ഞാൻ വൈദ്യ പരിശോധന നടത്തുന്നുണ്ടായിരുന്നു. അടുത്തിടെ നടത്തിയ ഇത്തരമൊരു പരിശോധനയ്ക്ക് ശേഷം തുടർ ചികിത്സ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്. ഡോക്ടർ വിപി ഗംഗാധരൻ, ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർ ലളിത് എന്നിവരുടെ ഉപദേശപ്രകാരം ഒരു ചികിത്സാ ഘട്ടം പൂർത്തിയാക്കുന്നതിനായി ഞാൻ അഡ്മിറ്റ് ആയിരിക്കുകയാണ്. ഇക്കാരണത്താൽ എംപി എന്ന നിലയിലുള്ള ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്നതിന് ഇക്കാലയളവിൽ കഴിയാത്ത സാഹചര്യമുണ്ട്. ചികിത്സ പൂർത്തിയായാൽ ഉടൻ തന്നെ പരിപാടികളിൽ സജീവമാകാൻ കഴിയും. എന്നെ സ്നേഹിക്കുന്ന മുഴുവൻ പേരും ഈ അസൗകര്യം സദയം ക്ഷമിക്കുമല്ലോ. എംപി യുടെ സേവനം ഒരു തടസവുമില്ലാതെ ലഭ്യമാക്കുന്നതിന് അങ്കമാലിയിലെ ഓഫീസ് സദാ പ്രവർത്തന നിരതമായിരിക്കും എന്ന് അറിയിക്കട്ടെ. നിങ്ങളുടെ പ്രാര്‍ഥനയില്‍ എന്നെ ഓര്‍ക്കുമെന്ന പ്രതീക്ഷയോടെ സസ്നേഹം ഇന്നസെന്റ് എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
നേരത്തെ അർബുദ രോഗത്തിൽ നിന്നും മുക്തനായി തിരിച്ചെത്തിയ ഇന്നസെന്റ് സിനിമയില്‍ സജീവമായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇന്നസെന്റിന് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് എറണാകുളത്തെ ഡോക്ടര്‍ ഗംഗാധരന്റെ ചികില്‍സയിലായിരുന്നു.