ഐടി കയറ്റുമതിയില്‍ വന്‍‌വര്‍ധന

വെള്ളി, 14 നവം‌ബര്‍ 2014 (12:15 IST)
കേരളത്തില്‍ ഇന്‍ഫോ പാര്‍ക്കില്‍ നിന്നുള്ള ഐടി കയറ്റുമതിയില്‍ വന്‍‌വര്‍ധനവ്. 2013-14 വര്‍ഷത്തില്‍ കയറ്റുമതി വര്‍ധിച്ച് 2350 കോടി രൂപയിലെത്തി. മുന്‍‌വര്‍ഷങ്ങളേ അപേക്ഷിച്ച് 53 ശതമാനം വര്‍ദ്ധനവാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. 2004-ല്‍ സ്ഥാപിതമായതിനു ശേഷം, ആഗോള ഐടി മേഖലയില്‍ ശ്രദ്ധാ കേന്ദ്രമാകാന്‍ ഇന്‍ഫോപാര്‍ക്കിന് കഴിഞ്ഞിട്ടുണ്ട്.

ക്രമമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. 2010-11 വര്‍ഷത്തില്‍ കയറ്റുമതി 750 കോടി രൂപയായിരുന്നു. 2011-12 ല്‍ 1095 കോടിയായും 2012-13 ല്‍ 1534 കോടിയായും ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷമിത് 2350 കോടിയിലെത്തി. ഇന്‍ഫോ പാര്‍ക്ക് വികസനത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാകുന്നതും രണ്ടാം ഘട്ടത്തിലെ വികനവും കൂടിയാകുമ്പോള്‍ ഇതിന്റെ വളര്‍ച്ചാ നിരക്ക് 43 ശതമാനത്തിലേക്കുയരും.

അങ്ങനെയാകുമ്പോള്‍ കയറ്റുമതിയില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടാകാന്‍ പോകുന്നത്. ഇന്‍ഫോപാര്‍ക്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2015-ഓടെ 60 ലക്ഷം ചതുരശ്രയടിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. അടുത്ത വര്‍ഷം പതിനായിരത്തിലേറെ തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.

2500 കോടി രൂപ മുതല്‍മുടക്കിലാണ് രണ്ടാംഘട്ട വികസനം ആസൂത്രണം ചെയ്തിരിക്കുന്നത്. 2020-ഓടെ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ 200-ലേറെ കമ്പനികളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കാക്കനാട്ടെ ക്യാമ്പസ് കൂടാതെ കലൂര്‍, തൃശ്ശൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിലും ഇന്‍ഫോപാര്‍ക്കിന് ക്യാമ്പസുകളുണ്ട്. ആകെ 23,000 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക