സംസ്ഥാനത്ത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ശനി, 15 ഓഗസ്റ്റ് 2015 (11:26 IST)
രാജ്യത്തിന്റെ അറുപത്തിയൊമ്പതാം സ്വാതന്ത്ര്യദിനം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സമുചിതമായി ആഘോഷിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയപതാക ഉയര്‍ത്തി. 
 
ഏഴ് വികസന നിര്‍ദ്ദേശങ്ങള്‍ തന്റെ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ മുഖ്യമന്ത്രി മുന്നോട്ടു വെച്ചു. കഴിഞ്ഞ നാല് സ്വാതന്ത്യദിന സന്ദേശങ്ങളിലും പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. പുതുതായി ഒരു ലക്ഷം വീടുകള്‍ വെച്ച് നല്കും. ജൈവകൃഷി പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.  
 
സംസ്ഥാനത്ത് വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ ആസ്ഥാനത്ത് മന്ത്രിമാര്‍ ദേശീയപതാക ഉയര്‍ത്തി. സ്വാതന്ത്ര്യദിനാഘോഷം വീക്ഷിക്കുന്നതിന് പൊതുജനങ്ങള്‍ക്കും സൗകര്യം ഒരുക്കിയിരുന്നു. സര്‍ക്കാര്‍സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വാതന്ത്ര്യദിനാഘോഷം നടന്നു.

1. കോഴിക്കോട് - തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 
 
2. രണ്ടാംഘട്ട ഡിജിറ്റല്‍ സാക്ഷരത സംസ്ഥാനത്ത് നടപ്പിലാക്കും. 
 
3. അഴിമതിക്കെതിരെ "വിജിലന്‍റ് കേരള"യുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. 
 
4. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. 
 
5. ജൈവ കൃഷിക്ക് പ്രത്യേക പ്രോത്സാഹനവും വിഷം കലര്‍ന്ന പച്ചക്കറി തടയാന്‍ കര്‍ശന നടപടിയും സ്വീകരിക്കും. 
 
6. 14 ജില്ലകളില്‍ 3,770 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ 21 മെഗാ പദ്ധതികള്‍ ഉടന്‍ ആരംഭിക്കും.
 
7. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള സുസ്ഥിര കാഴ്ചപ്പാടും വികസനവും നടപ്പാക്കാന്‍ സര്‍ക്കാര്‍ "കേരള സുസ്ഥിര വികസന കൗണ്‍സില്‍" രൂപീകരിക്കും ഉമ്മന്‍ചാണ്ടി പറഞ്ഞു.

വെബ്ദുനിയ വായിക്കുക