ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും. കൂടാതെ ബാണാസുരസാഗര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി അണക്കെട്ട് തുറക്കുമ്പോള്‍ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ അവലോകനായ യോഗം ചേര്‍ന്നിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേടാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുള്ളത്. എല്ലാ താലുക്കുകളിലും ദുരിതാശ്വാസക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഡാം തുറക്കുന്നതിന്റെ ഭാഗമായി എറണാകുളത്ത് മുന്‍കരുതലുകളും ഏര്‍പ്പെടുത്തി.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ഇടുക്കി അണക്കെട്ട് തുറന്നാല്‍ ആദ്യം വെള്ളം എത്തുന്നത് ചെറുതോണി ടൗണിലാണ് അവിടെനിന്ന് തടിയമ്പാട് കരിമ്പന്‍ പ്രദേശങ്ങളിലേക്ക് വെള്ളം എത്തും. ഒടുവിലായി കാലടി വഴി ആലുവ പ്രദേശത്തിലേക്കാണ് വെള്ളമെത്തുന്നത്. ആലുവയില്‍ വച്ച് രണ്ടായി പിരിഞ്ഞു പെരിയാര്‍ അറബിക്കടലില്‍ ചേരും. ബാണാസുരസാഗര്‍ ജലസംഭരണിയിലെ ജലനിരപ്പ് 773 പോയിന്റ് 5 മീറ്റര്‍ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. അര മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ ജലസംഭരണിയുടെ അപ്പര്‍ റോള്‍ ലെവല്‍ ആയ 774 മീറ്ററില്‍ എത്തും. അതേസമയം ഇന്നുച്ചയ്ക്ക് 12 മണിക്ക് ശേഷം ഷട്ടറുകള്‍ ഉയര്‍ത്തി അധികം ജലം ഒഴുക്കി വിടാനും സാധ്യതയുണ്ട്.