അന്യസംസ്ഥാനത്ത് നിന്ന് കുട്ടികളെ കൊണ്ട് വന്ന കേസില്‍ സിബിഐയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു. സിബിഐ അന്വേഷണം നടത്തുന്നതല്ലേ നല്ലതെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു. മറ്റെല്ലാ കാര്യങ്ങള്‍ക്കും സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും ചീഫ് ജസ്റ്റീസ് മഞ്ജുള ചെലൂര്‍ അധ്യക്ഷയായ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
എന്നാല്‍ കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കുട്ടികളെ കടത്തിയത് വ്യാജരേഖ ഉപയോഗിച്ചാണ്. ഇത് ഝാര്‍ഖണ്ഡില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കേസില്‍ ചിലരെ അറസ്റ്റു ചെയ്തു. അന്വേഷണത്തിന് സമര്‍ത്ഥരായ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.