വാർഡ് വിഭജനം: സിംഗിൾ ബെഞ്ചിന്റെ വിധിയിൽ പിഴവെന്ന് സർക്കാർ, അപ്പീൽ നൽകി
ബുധന്‍, 12 ഓഗസ്റ്റ് 2015 (16:07 IST)
തദ്ദേശ വാർഡ് വിഭജനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. ശാസ്ത്രീയമായ രീതിയിലാണ് വാർഡ് വിഭജനം നടത്തിയതെന്നും സിംഗിൾ ബെഞ്ചിന്റെ വിധിയിൽ പിഴവുകളുണ്ടെന്നും സർക്കാർ അപ്പീലിൽ വ്യക്തമാക്കി. നിയമപ്രകാരവും ജനങ്ങളുടെ ആവശ്യവും കണക്കിലെടുത്താണ് പുനർവിഭജനം നടത്തിയത്. വില്ലേജ് അതിർത്തികൾ പുനർനിർണയിക്കാനുള്ള അവകാശം സർക്കാരിനുണ്ടെന്നും അപ്പീലിൽ പറയുന്നു.
ചൊവ്വാഴ്‌ച മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അധ്യക്ഷതയിൽ കൂടിയ ഉന്നതതല യോഗമാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്. വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് മന്ത്രിമാരുമായും സെക്രട്ടറിമാരുമായും നടന്ന യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. തദ്ദേശഭരണ തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്താനാണു സർക്കാർ ആഗ്രഹിക്കുന്നതെന്നും അതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും നിശ്ചയിച്ച സമയത്ത് തെരഞ്ഞെടുപ്പ് നടത്താൻ കമ്മീഷന് എല്ലാ സഹായവും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 15 ദിവസങ്ങൾക്ക് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷനുമായി വീണ്ടു യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വില്ലേജുകൾ വിഭജിച്ച് ഒന്നിലേറെ പഞ്ചായത്തുകളിലാക്കി പുതിയ പഞ്ചായത്തുകൾ രൂപവത്കരിച്ച നടപടി ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് അപ്പീൽ നൽകിയത്. ഗവർണറുടെ മുൻകൂർ അനുമതിയില്ലാതെ വില്ലേജുകൾ മുറിച്ച് 69 പുതിയ പഞ്ചായത്തുകൾക്ക് രൂപം നൽകിയ സർക്കാർ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനായി സംസ്ഥാനത്തെ 85 വില്ലേജുകളാണ് സർക്കാർ വെട്ടി മുറിച്ചത്.