ഹെൽമറ്റില്ലാതെ പെട്രോളില്ല പദ്ധതി; ബോധവൽക്കരണം ശിക്ഷായിളവല്ല, നിയമം ലംഘിച്ചാല്‍ ശിക്ഷയും പിഴയും ഉറപ്പ് - ഗതാഗതമന്ത്രി
ഹെൽമറ്റ് ബോധവൽക്കരണം ശിക്ഷായിളവല്ലെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ. ആദ്യഘട്ടമായതിനാലാണ് ബോധവൽക്കരണം നടത്തുന്നത്. എന്നാല്‍ ഇത് നിയമം ലംഘിക്കാനുള്ള ലൈസന്‍സ് അല്ല. നിയമം ലംഘിക്കുന്നവർക്കു ശിക്ഷയും പിഴയും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ ഹെൽമറ്റ് ബോധവൽക്കരണമാണ് നടക്കുന്നത്. നിയമം ലംഘിക്കുന്ന ഇരുചക്ര വാഹനയാത്രക്കാരെ ശിക്ഷയിൽനിന്ന് ഒഴിവാക്കില്ല. ബോധവൽക്കരണത്തിനൊപ്പം നിയമങ്ങൾ കർശനമായി നടപ്പാക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം നഗരങ്ങളിലായിട്ടാണ് ഹെൽമറ്റ് ബോധവൽക്കരണം പദ്ധതിയായ ‘വെയർ ഹെൽമറ്റ്, ഗെറ്റ് പെട്രോൾ, ബീ സേഫ്’ പരിപാടികള്‍ നടക്കുന്നത്. മോട്ടോർ വാഹന വകുപ്പാണ് ഈ പരിപാടി നടപ്പാക്കുന്നത്. ആദ്യഘട്ടമായി ബോധവല്‍ക്കരണവും ലഘുലേഖകൾ വിതരണം ചെയ്യാനുമാണ് തീരുമാനം. ഇന്നു മുതല്‍ ഇവ നടപ്പാക്കി തുടങ്ങി.