തിരുവനന്തപുരത്ത് ഹര്‍ത്താല്‍ പൂര്‍ണം

വെള്ളി, 18 ജൂലൈ 2014 (13:30 IST)
തലസ്ഥാന നഗരിയില്‍ വെള്ളിയാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലുള്ള ഹര്‍ത്താല്‍ പൂര്‍ണം. ജില്ലയിലെ മുഴുവന്‍ കടകളും അടഞ്ഞു കിടക്കുകയാണ്‌. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയിലെ ചില വ്യാപാരികള്‍ക്കെതിരേ വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതില്‍ പ്രതിഷേധിച്ചാണ്‌ ഹര്‍ത്താലിന്‌ ആഹ്വാനം. 
 
ഹര്‍ത്താലിനോട് അനുബന്ധിച്ച് വലിയശാലയിലുള്ള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഓഫീസില്‍ നിന്ന് കിള്ളിപ്പാലത്തെ വില്‍പ്പന നികുതി കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിന്‌ വ്യാപാരികളാണ് പങ്കെടുത്തത്. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ്ണ സമിതി സംസ്ഥാന വൈസ് പ്രസിഡന്‍റ് പെരിങ്ങമ്മല രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 
 
വ്യാപാരികള്‍ക്കെതിരെ ജാമ്യമില്ലാ പ്രകാരം കേസെടുക്കുന്നതിനെതിരേ വ്യാപകമായ പ്രതിഷേധമാണുണ്ടായിരിക്കുന്നത് ചെറുകിട ലാബുകള്‍ പോലും അടഞ്ഞു കിടക്കുകയാണ്‌. തലസ്ഥാന നഗരിയിലെ പ്രധാന മാര്‍ക്കറ്റുകളായ പാളയം, ചാല, മണക്കാട് എന്നിവിടങ്ങളില്‍ ഒരു സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല. 

വെബ്ദുനിയ വായിക്കുക