ഹനീഫ വധം: ഹസനെതിരെ ഐ ഗ്രൂപ്പ് നേതാക്കളുടെ വാര്‍ത്താസമ്മേളനം

വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (15:50 IST)
കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഹനീഫ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് എം എം ഹസനെതിരെ ഐ ഗ്രൂപ്പ് നേതാക്കളുടെ വാര്‍ത്താസമ്മേളനം. ഹനീഫ വധം ഐ ഗ്രൂപ്പിനെതിരെ ആയുധമാക്കി തിരിച്ചു വിടാന്‍ ശ്രമിച്ച കെ പി സി സി വൈസ് പ്രസിഡന്‍റ് എം എം ഹസന്റെ നടപടിയാണ് സ്ഥിതിഗതികള്‍ സ്ഫോടനാത്മകമാക്കിയതെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി വി ബലറാം ആരോപിച്ചു.
 
ഹനീഫ വധക്കേസില്‍ കുറ്റവാളികള്‍ ആരായാലും അവര്‍ക്കെതിരെ നടപടി എടുക്കണം. കോണ്‍ഗ്രസിലെ ഒരു ഗ്രൂപ്പിനും പ്രത്യക്ഷമായോ പരോക്ഷമായോ കൊലപാതകവുമായി ബന്ധമില്ല. 
 
സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി സി എന്‍ ബാലകൃഷ്ണനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതിഷേധിക്കാതിരുന്ന തൃശൂര്‍ ഡി സി സി പ്രസിഡന്‍റ് ഒ അബ്ദുറഹ്മാന്‍കുട്ടിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.
 
ഈ സാഹചര്യത്തില്‍ ഡി സി സി നേതൃത്വവുമായി സഹകരിക്കാന്‍ ഐ ഗ്രൂപ്പിന് പ്രയാസമാണ്. എം എം ഹസനും ഒ അബ്ദുറഹ്മാന്‍കുട്ടിക്കുമെതിരെ കെ പി സി സി പ്രസിഡന്‍റിന് പരാതി നല്‍കുമെന്നും വി ബലറാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക