സദാശിവം പിടി മുറുക്കുന്നു, സര്‍വ്വകലാശാലകള്‍ ഇനി ഗവര്‍ണ്ണര്‍ നിയന്ത്രിക്കും!

തിങ്കള്‍, 27 ഒക്‌ടോബര്‍ 2014 (14:34 IST)
സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിരവധി പരാതികളും സമരങ്ങളും ഉയര്‍ന്നു വരുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഗവര്‍ണ്ണര്‍ പി സദാശിവം നടപടികള്‍ തുടങ്ങി. ഇതിനായി സര്‍വ്വകലാശാലകളെ മെച്ചപ്പെടുത്താന്‍ ചാന്‍സലേഴ്സ് കൌണ്‍സില്‍ രൂപീകരിക്കുമെന്നാണ് ഗവര്‍ണ്ണര്‍ അറിയിച്ചിരിക്കുന്നത്.കൊച്ചിയില്‍ വിസിമാരുടെ യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

സംസ്ഥാനത്ത് ഇതാദ്യമായാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലല്ലാതെ ഗവര്‍ണര്‍ നേരിട്ട് നിയന്ത്രിക്കുന്ന കൌണ്‍സില്‍ വരാന്‍ പോകുന്നത്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, വൈസ് ചാന്‍സലര്‍മാര്‍, ഗവര്‍ണറുടെ സെക്രട്ടറി എന്നിവരെ ഉള്‍പ്പെടുത്തിയായിരിക്കും കൗണ്‍സില്‍ രൂപീകരിക്കുക,  ഈ സമിതി ഓരോ മൂന്നു മാസത്തിലും യോഗം ചേര്‍ന്ന് സര്‍വകലാശാലകളുടെ പ്രവര്‍ത്തനം  വിലയിരുത്തും. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ ചാന്‍സലേഴ്സ് കൗണ്‍സില്‍ പഠിച്ച പരിഹാരം നിര്‍ദ്ദേശിക്കും.

ഇതോടൊപ്പം വൈസ് ചാന്‍സലമാര്‍ അതാത് യൂണിവേഴസ്റ്റികളെ കുറിച്ച് പ്രത്യേകം റിപ്പോര്‍ട്ട് ചാന്‍സലര്‍ക്ക് നല്‍കണമെന്നും സദാശിവം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍വകലാശാലകള്‍ അക്കാഡമി  ടൈംടേബിള്‍ കൃത്യമായി പാലിക്കണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. ടൈംടേബിള്‍ പാലിക്കാത്ത വൈസ് ചാന്‍സലര്‍മാരോട് താന്‍ നേരിട്ട് വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും വൈകാതിരിക്കുന്നതിന് വേണ്ടിയാണിത്. . സ്വാശ്രയ വിദ്യാഭ്യാസ മേലയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. സ്വാശ്രയ കോളേജുകളിലെ പരീക്ഷകള്‍ കാമറ നിരീക്ഷണത്തിലായിരിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക