പിള്ള പിണങ്ങി, എന്‍എസ്എസ് ഇടഞ്ഞു; ഗണേഷ് ബിജെപിയിലേക്കില്ല!

വ്യാഴം, 18 ഡിസം‌ബര്‍ 2014 (11:56 IST)
യുഡി‌എഫില്‍ ഇടഞ്ഞു നില്‍ക്കുന്ന ഗണേഷ്കുമാറിനെ പാ‍ര്‍ട്ടി ക്യാമ്പിലെത്തിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് ബാലകൃഷ്ണ പിള്ളയും, എന്‍‌എസ്‌എസും ഇടങ്കോലിട്ടു. പത്തനാപുരം എംഎല്‍എയായ ഗണേഷിനെ പാര്‍ട്ടിയിലെത്തിച്ച് ദേശീയ ഭാരവാഹിത്വം നല്‍കി കേരളത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ മോഹങ്ങള്‍ക്കാണ് ഇതൊടെ വിരാമമായത്. ബിജെപിയിലേക്ക് ചാടാ‍ന്‍ പാതിമനസോടെ നിന്ന ഗണേഷിനെ പിള്ളയും എന്‍‌എസ്‌എസ് ജെനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും ചേര്‍ന്ന് തടയുകയായിരുന്നു എന്നാണ് വിവരം.

ഗനേഷിന്റെ നീക്കത്തെ പിള്ള ശക്തിയായി എതിര്‍ത്തു എന്നാണ് സൂചന. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിയിലേക്ക് ചുവട് മാറുന്നത് ആത്മഹത്യാപരമാണെന്നാണ് പിള്ളയുടെ നിലപാട്. കൊട്ടാരക്കര, പത്തനാപുരം മേഖലകളിലെ ന്യൂനപക്ഷ വോട്ടര്‍മാര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരാണ്. ബിജെപി കൂട്ട്‌കെട്ട് ഈ പിന്തുണ നഷ്ടപ്പെടുത്തുന്നതിന് കാരണമാകുമെന്നാണ് പിള്ളയുടെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസും യുഡിഎഫും അപമാനിക്കുന്ന സാഹചര്യത്തില്‍ നിലപാട് കടുപ്പിച്ച് മറ്റ് രാഷ്ട്രീയ വഴികള്‍ തേടുമെന്ന് ഗണേശ് തന്നെ ബന്ധപ്പെടുന്നവരോടെല്ലാം പറയുന്നുമുണ്ട്.

അങ്ങനെയായാല്‍ ഇടതുപക്ഷത്തേക്ക് ഗണേഷ് ചുവട് മാറിയേക്കുമെന്ന് തന്നെയാണ് കരുതുന്നത്. ഇതിന് വി‌എസ് അച്യുതാനന്ദന്റെ പിന്തുണയുമുണ്ട്. അതിനിടെ ബിജെപിക്കൊപ്പം ഗണേശ് വരാനുള്ള സാധ്യത കുറവാണെന്ന് ദേശീയ പ്രസിഡന്റ് അമിത് ഷായെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ അറിയിച്ചിട്ടുണ്ട്. ഗണേശുമായി അനൗപചാരിക ചര്‍ച്ചകള്‍ നടന്നെങ്കിലും ബിജെപി രാഷ്ട്രീയത്തിലേക്ക് വരാന്‍ സമ്മതം മൂളിയില്ലെന്നാണ് അമിത് ഷായ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സംസ്ഥാനത്ത് ബിജെപിയെ ശക്തിപ്പെടുത്തി തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ നാളെ മുതല്‍ അമിത് ഷാ കേരളത്തില്‍ സജീവമാകും. ഈ സമയത്ത് ഗണേശുമായി നേരിട്ട് അമിത് ഷാ ബന്ധപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക