ചെന്നിത്തലയ്ക്ക് പക്വതയില്ല, കെഎസ്‌യു പ്രവര്‍ത്തകരെപ്പോലെയാണ്; ചെന്നിത്തല ഉമ്മന്‍ ചാണ്ടിയെ കണ്ടു പഠിക്കണമെന്നും സുധാകരന്റെ നിര്‍ദ്ദേശം

ശനി, 15 ഒക്‌ടോബര്‍ 2016 (14:27 IST)
പക്വതയില്ലാത്ത നേതാവാണ് രമേശ് ചെന്നിത്തലയെന്ന് മന്ത്രി ജി സുധാകരന്‍. കെ എസ് യു പ്രവര്‍ത്തകരെപ്പോലെ പെരുമാറുന്ന അദ്ദേഹം ഉമ്മന്‍ ചാണ്ടിയെ കണ്ടുപഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ആണ് സുധാകരന്‍ ചെന്നിത്തലയ്ക്കെതിരെ തിരിഞ്ഞത്.
 
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വി എസ് വോട്ട് ചെയ്തപ്പോള്‍ താന്‍ ഒളിഞ്ഞുനോക്കിയെന്ന കേസിനു പിന്നില്‍ രമേശ് ചെന്നിത്തലയാണ്. നിരവധി കേസുകളില്‍ തന്നെ കുടുക്കാന്‍ ശ്രമം നടന്നു. മുമ്പ് മന്ത്രി ആയിരുന്നപ്പോള്‍ ചെയ്ത നല്ല കാര്യങ്ങളുടെയെല്ലാം പേരില്‍ തനിക്കെതിരെ കേസെടുത്തു.
 
വോട്ട് ചെയ്തപ്പോള്‍ ഒളിഞ്ഞുനോക്കിയെന്നാണ് അവസാനത്തെ പരാതി. ചെന്നിത്തല അന്ന് തനിക്കെതിരെ കേസെടുപ്പിച്ചത് ബന്ധുവായ ഉദ്യോഗസ്ഥനെക്കൊണ്ടാണ്. വി എസ് വോട്ടു ചെയ്യുന്നത് ഒളിഞ്ഞുനോക്കിയെന്ന് ആരോപിച്ച് ചിലര്‍ തന്റെ കോലം കത്തിക്കുകയും കോലം നിലത്തടിക്കുകയും ചെയ്തു.
 
ഇത്തരത്തിലുള്ള വിവരക്കേടിന് ഉത്തരവാദിത്തപ്പെട്ട രാഷ്‌ട്രീയനേതാക്കള്‍ കൂട്ടുനില്‍ക്കാന്‍ പാടില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക