വനാതിർത്തിയില്‍ കാട്ടാനയെ വെടിവെച്ചു കൊന്ന കേസ്; നാലുപേർ അറസ്റ്റില്‍

ശനി, 30 ജൂലൈ 2016 (17:45 IST)
വയനാട് നെയ്ക്കുപ്പ വനാതിർത്തിയിലെ കാപ്പിക്കുന്നിൽ പിടിയാനയെ വെടിവെച്ചു കൊന്ന കേസിൽ നാലുപേര്‍ അറസ്റ്റില്‍. ഇവരിൽ നിന്ന് തോക്ക്, ഈയക്കട്ടകൾ, വെടിയുണ്ടകൾ, കമ്പി, ആയുധങ്ങൾ എന്നിവയും സ്ഥിരമായി ഉപയോഗിക്കുന്ന ഓട്ടോറിക്ഷയും പിടികൂടി.
 
കാപ്പിക്കുന്ന് ചെറുവള്ളി വിജയൻ(48), അരിയക്കോട് പ്രദീപ് (34), ബന്ധു അരിയക്കോട് ബാലഗോപാലൻ (49), മുണ്ടക്കുറ്റി എം ടി മണി ( 38) എന്നിവരാണ് അറസ്റ്റിലായത്. സ്ഥിരമായി നായാട്ട് നടത്തുന്ന സംഘമാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
 
നായാട്ട് നടത്തി കിട്ടുന്ന മൃഗങ്ങളുടെ ഇറച്ചി ഓട്ടോയിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ ഇവര്‍ എത്തിച്ചു കൊടുക്കാറുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ 25 ന് രാത്രി വേട്ടയ്ക്കിറങ്ങിയ സംഘത്തിന് പിടിയാന മാർഗതടസമുണ്ടാക്കി. ഇതാണ് തങ്ങളെ വെടിവെയ്ക്കാൻ പ്രേരിപ്പിച്ചതെന്ന് പ്രതികൾ മൊഴി നൽകി.
 
കഴിഞ്ഞ 26 നാണ് കാപ്പിക്കുന്നിൽ റിട്ട അധ്യാപകന്റെ പുരയിടത്തിൽ പിടിയാനയെ വെടിയേറ്റ് ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനാതിർത്തിയിലെ കർഷകരുടെ വികാരം കണക്കിലെടുത്ത് കൃത്യമായ തെളിവുകളോടെ യഥാർഥ പ്രതികളെ മാത്രമാണ് പിടികൂടിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക