പഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ടു സർട്ടിഫിക്കറ്റ് നൽകിയ ക്ലാർക്ക് പിടിയിൽ
കൽപ്പറ്റ: പഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ടു സർട്ടിഫിക്കറ്റ് നൽകിയ ക്ലാർക്ക് പടിഞ്ഞാറെത്തറ പോലീസിന്റെ പിടിയിലായി. തരിയോട് പഞ്ചായത്ത് ഓഫീസിലെ ക്ലർക്ക് കൽപ്പറ്റ തിരുവാതിരയിൽ ദിജേഷ് എന്ന 32 കാരനാണ് സെക്രട്ടറിയുടെ വ്യാജ ഒപ്പു പതിച്ചു ഹോം സ്റ്റെയ്ക്ക് ലൈസൻസ് നൽകിയത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു കേസുമായി ബന്ധപ്പെട്ട സംഭവം നടന്നത്. ഹോം സ്റ്റെയ്ക്ക് ലഭിച്ച ലൈസൻസിൽ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ക്ലാർക്ക് നടത്തിയ ക്രമക്കേട് കണ്ടെത്തിയത്.
പഞ്ചായത്ത് പരാതിയിൽ വകുപ്പ് തല അന്വേഷണം നടത്തി ഇയാൾ കുറ്റക്കാരനാണെന്നു കണ്ടതിനെ തുടർന്ന് ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് അധികാരികൾ പോലീസിലും പരാതി നൽകിയപ്പോൾ ഇയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി നിരസിച്ചു. തുടർന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.