ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെഎം മാണിക്കെതിരായ എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. അഴിമതി നിരോധന നിയമത്തിലെ 7, 13(1)D പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്.
ധനമന്ത്രി കെഎം മാണി ബാറുടമയായ ബിജു രമേശില്‍ നിന്ന് അഞ്ചു കോടി രൂപ ആവശ്യപ്പെട്ടുവെന്നും. ആദ്യ ഗഡുവായി ഒരു കോടി രൂപ മാണി കൈക്കൂലിയായി വാങ്ങിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അവസാനമായി പണം നല്‍കിയത് ഏപ്രില്‍ രണ്ടിന് മാണിയുടെ വസതിയില്‍ വെച്ചാണെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നുണ്ട്.
ബാറുടമയായ ബിജു രമേശിന്റെ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെയാണ് ബാര്‍ കോഴ ആരോപണത്തില്‍ കെഎം മാണിക്കെതിരെ കേസെടുത്തത്. ബാര്‍ കോഴയില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ പൂജപ്പുര സ്പെഷ്യല്‍ വിജിലന്‍സ് സെല്‍ ആണ് കേസെടുത്തത്. കെഎം മാണിക്കെതിരെ കേസ് എടുക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോളിന്റെ ഉറച്ച നിലപാടാണ് കേസെടുക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. എസ്പി എസ് സുകേശനാണ് അന്വേഷണചുമതല.