മണ്‍വിളയില്‍ ഫാക്ടറിക്ക് തീയിട്ടത് ജീവനക്കാര്‍; ശമ്പളം വെട്ടിക്കുറച്ചതുകൊണ്ടെന്ന് പ്രതികളുടെ കുറ്റസമ്മതം
ശനി, 10 നവംബര്‍ 2018 (15:20 IST)
മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്ക് വ്യവസായ ശാലയ്ക്ക് തീയിട്ടത് ജീവനക്കാര്‍ തന്നെയെന്ന് പൊലീസ്. ചിറയിൻകീഴ് സ്വദേശി ബിമൽ കാര്യവട്ടം സ്വദേശി ബിനു എന്നിവരാണ് തങ്ങൾ തന്നെയാണ് ഫാക്‌ടറിയ്‌ക്ക് തീവച്ചത്. അറസ്റ്റ് ഇന്നു രേഖപ്പെടുത്തും.
ശമ്പളം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചാണ് ഫാക്‌ടറിക്ക് തീയിട്ടത്. സ്‌റ്റോറില്‍ ഹെൽപ്പറായിരുന്ന വിമലാണ് ഡ്യൂട്ടിക്ക് ശേഷം ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തിയത്. സംഭവദിവസം വൈകിട്ട് ഏഴുമണിയ്‌ക്ക് ശേഷം അവസാന ഷിഫറ്റ് കഴിഞ്ഞാണ് ഇരുവരും കൃത്യം നടത്തിയത്. പ്രതികളിലൊരാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും പൊലീസ് അറിയിച്ചു.
വിമല്‍ തീയിടുകയും ബിനു സഹായം നല്‍കുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങളും തൊഴിലാളികളുടെ മൊഴിയുമാണ് പ്രതികളെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായത്. പ്ലാസ്റ്റിക് കൂട്ടിയിട്ട സ്ഥലത്ത് ഇവരെ കണ്ടിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്.
വിമലിന്‍റെയും ബിനുവിന്‍റെയും ശമ്പളം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വെട്ടിക്കുറച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് രണ്ടുപേരും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
തീപിടുത്തത്തില്‍ അസ്വഭാവികതയുണ്ടെന്ന് ഫയര്‍ഫോഴ്സ് വെളിപ്പെടുത്തിയിരുന്നു. 10 മിനിറ്റിനുള്ളില്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും തീ ആളിപടര്‍ന്നിരുന്നു. ഫാക്ടറിയില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് ഇത്രവേഗം തീ പടര്‍ത്താനാകില്ലെന്നും ഫയര്‍ഫോഴ്സ് ചൂണ്ടിക്കാട്ടിയിരുന്നു.