തിരുവനന്തപുരം കൈതമുക്ക് കോളനിയില്‍ വിശപ്പടക്കാന്‍ കുട്ടികള്‍ മണ്ണ് വാരിക്കഴിച്ച വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ അഴിമുഖത്തിലെ വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെ മനോരമയുടെ റിപ്പോർട്ടർ മോശം പെരുമാറ്റം നടത്തിയെന്ന് ആരോപണം. അഴിമുഖം ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകരായ ആര്‍ഷ കബനിയും ഹരിത മാനവുമാണ് തങ്ങള്‍ക്ക് നേരിട്ട അനുഭവം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുമ്പോള്‍ മറ്റു സ്ഥാപനങ്ങളിലെ മാധ്യമ പ്രവര്‍ത്തകരെ കാണുന്നത് ആദ്യമായല്ല. എന്നാല്‍ ഇങ്ങനെയൊരനുഭവം ആദ്യമായാണ്. ഇന്ന് ഉച്ചയ്ക്കാണ് തിരുവനന്തപുരം കൈതമുക്ക് കോളനിയില്‍ വിശപ്പടക്കാന്‍ കുട്ടികള്‍ മണ്ണ് വാരിക്കഴിച്ച സ്റ്റോറി ചെയ്യാന്‍ ഞാനും സഹപ്രവര്‍ത്തക ആര്‍ഷ കബനിയും സ്ഥലത്തെത്തിയത്. സംസാരിക്കാന്‍ സമ്മതിച്ച ചേച്ചിക്ക് മൈക്ക് കുത്തി കൊടുക്കുമ്പോഴാണ് മനോരമ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ അവിടെ വരുന്നത്. വന്നതും ഞങ്ങളുള്ളത് ഗൗനിക്കാതെ ഞങ്ങള്‍ മൈക്ക് നല്‍കിയ ചേച്ചിയോട് അവര്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. ഇതെന്താ ഇങ്ങനെ എന്ന ഭാവത്തില്‍ ഞങ്ങള്‍ റിപ്പോര്‍ട്ടറെ നോക്കി. ‘നിങ്ങള്‍ വേറെ എടുത്തോളൂ’ എന്ന് റിപ്പോര്‍ട്ടര്‍. ഞങ്ങളാണ് ആദ്യം വന്നത് എന്ന് പറഞ്ഞപ്പോള്‍ കിട്ടിയ ഉത്തരം ഇങ്ങനെ ”മനോരമ കഴിഞ്ഞ് മതി ബാക്കി ആരും റിപ്പോര്‍ട്ട് ചെയ്യുന്നത്!”.
‘മനോരമ മാധ്യമ ലോകത്തെ കുത്തക കമ്പനിയായിരിക്കാം, അത് അവിടെയുള്ള ജീവനക്കാര്‍ ഞങ്ങളോട് കാണിക്കാന്‍ വരല്ലെ ചേട്ടാ’ എന്ന് ഞങ്ങള്‍ മറപടിയും കൊടുത്തു. ‘ഞാന്‍ ലാലാണ്’ ( T B Lal #TBLalLal )എന്നായി അയാള്‍. ധാര്‍ഷ്ട്യത്തോടെ ‘നിങ്ങളൊക്കെ ആരാ’ എന്ന ചോദ്യവും വന്നു. ‘അഴിമുഖത്തില്‍ നിന്നല്ലെ ഞാന്‍ കാണിച്ചു തരാം!’ ഇതിനിടയില്‍ അയാള്‍ എന്റെയരികിലേക്ക് കയറിക്കയറി വന്നപ്പോള്‍ ആര്‍ഷ കബനി അയാളെ തടഞ്ഞു. ‘നീ ആരാ എന്നെ തടയാന്‍, ഞാനാണ് തടഞ്ഞതെങ്കിലോ’ എന്ന് തിരിച്ച് ചോദ്യം. പരിസരത്തുണ്ടായ ചിലര്‍ ഞങ്ങളെ സപ്പോര്‍ട്ട് ചെയ്തു. പിന്നെ ദേഷ്യപ്പെട്ട് ‘നിങ്ങള്‍ക്ക് ഞാന്‍ കാണിച്ചു തരാം’ എന്നും പറഞ്ഞ് അവിടെ നിന്നു പോയി. ഞങ്ങള്‍ ആദ്യം എടുത്തോട്ടെ എന്ന് മാന്യമായി ചോദിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് യാതൊരു കുഴപ്പവുമില്ലായിരുന്നു. എന്നാല്‍ ആധിപത്യം സ്ഥാപിക്കലാണ് അവിടെ നടന്നത്.
ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത് ഇത്രയുമാണ്: ഒരു റിപ്പോര്‍ട്ടിങ് സ്ഥലത്ത് ആദ്യം ആരെത്തിയാലും മനോരമ വന്നാല്‍ പിന്നെ അവര്‍ കഴിഞ്ഞെ ബാക്കിയുള്ളവര്‍ക്ക് സ്ഥാനമുള്ളൂ എന്നാണോ? അതെവിടുത്തെ ന്യായമാണ് മനോരമേ? ”ഞാന്‍ മനോരമയില്‍ നിന്നാണ്, ഞാന്‍ ലാലാണ്…’ അതിന് ഞങ്ങളെന്ത് വേണം..? ഞങ്ങള്‍ ഞങ്ങളുടെ പണി എടുക്കാന്‍ വന്നു. അതിനിടയില്‍ ധാര്‍ഷ്ട്യം കാണിക്കാനും അധികാരം എടുക്കാനും നിങ്ങളൊക്കെ ആരാണ്?