എറണാകുളത്ത് നായയുടെ കഴുത്തില്‍ കയര്‍കെട്ടി കാറില്‍ വലിച്ചിഴച്ചുകൊണ്ടുപോയ ക്രൂരത: ഡ്രൈവറുടെ വണ്ടിയുടേയും ലൈസന്‍സിന്റെയും കാര്യത്തില്‍ തീരുമാനമുണ്ടാക്കാനുള്ള നടപടി എടുത്തതായി ഗതാഗതമന്ത്രി

ശ്രീനു എസ്

ശനി, 12 ഡിസം‌ബര്‍ 2020 (09:37 IST)
എറണാകുളത്ത് നായയുടെ കഴുത്തില്‍ കയര്‍കെട്ടി കാറില്‍ വലിച്ചിഴച്ചുകൊണ്ടുപോയ ക്രൂരമായ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. എറണാകുളം നെടുമ്പാശ്ശേരിയില്‍ നായയെ കഴുത്തില്‍ കുരുക്കിട്ട് കാറില്‍ കെട്ടിവലിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇത്തരം ക്രൂരതകള്‍ അരങ്ങേറാന്‍ അനുവദിക്കില്ലെന്നും വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
 
കാര്‍ ഓടിച്ചിരുന്ന നെടുമ്പാശേരി പുത്തന്‍വേലിക്കര ചാലാക്ക കോന്നംഹൗസില്‍  യൂസഫിനെതിരെ ഐപിസി 428, 429 വകുപ്പുകള്‍ പ്രകാരവും പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് നിയമ പ്രകാരവും കേസ് എടുത്തിട്ടുണ്ട്. ക്രൂരതയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെ ചെങ്ങമനാട് പൊലീസ് ഇയാള്‍ക്കെതിരെ സ്വമേധയാ കേസ് എടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍