ഊര്‍ജ പ്രതിസന്ധി മറികടക്കുന്നതിനായി വൈദ്യുതി ബോര്‍ഡ് സംസ്ഥാനത്ത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. ഭീകര വരള്‍ച്ച മുന്നറിയിപ്പ് കണക്കിലെടുത്താണ് ഈ തീരുമാനം. കാലവര്‍ഷവും തുലാമഴയും ചതിച്ചതോടെ പരമാവധി സ്വകാര്യ വൈദ്യുതി എത്തിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. എന്നാല്‍, ലൈനുകള്‍ക്ക് ശേഷിയില്ലാത്തതിനാല്‍ അധിക വൈദ്യുതി പരിധിക്കപ്പുറം കൊണ്ടുവരുകയെന്നത് അസാധ്യമായി. അണക്കെട്ടുകളിലെ ജലസ്ഥിതിയും ദുര്‍ബലവുമാണ്.
സമീപകാലത്തെ ഏറ്റവും വലിയ ഊര്‍ജ പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. എസ്.എസ്.എല്‍.സി ഉള്‍പ്പെടെയുള്ള പൊതുപരീക്ഷകളുടെ സമയത്ത് ലോഡ്ഷെഡിങ് സാധ്യമാകില്ലെന്ന് കണക്കിലെടുത്ത് ഒരു മുന്‍ കരുതലെന്നോണമാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതേസമയം, സ്ഥിരമായി ഒരേ സമയത്ത് വൈദ്യുതി വിഛേദിക്കരുതെന്ന നിര്‍ദേശവുമുണ്ട്. കാര്യമായി ജനങ്ങളുടെ ശ്രദ്ധയില്‍ വരാതിരിക്കാനും പരാതിക്ക് ഇടയാക്കാതിരിക്കാനുമാണ് ഈ നിര്‍ദേശം.