കേരളത്തില്‍ ബി ജെ പിയുടെ ടോപ്പ് 5 മണ്ഡലങ്ങള്‍

സുബിന്‍ ജോഷി

ചൊവ്വ, 30 മാര്‍ച്ച് 2021 (23:40 IST)
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വലിയ പ്രതീക്ഷയുണ്ട്. കഴിഞ്ഞ തവണ ഒരു സീറ്റില്‍ വിജയിക്കാനായെങ്കില്‍ ഇത്തവണ അതിലും മെച്ചപ്പെട്ട നേട്ടം സൃഷ്‌ടിക്കാനാവുമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടല്‍. ഇത്തവണ ബി ജെ പി പ്രതീക്ഷ വയ്ക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങള്‍ ഇവയാണ്.
 
1. മഞ്ചേശ്വരം
 
കഴിഞ്ഞ തവണ ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നൂറില്‍ താഴെ വോട്ടുകള്‍ക്ക് തോറ്റുപോയ മണ്ഡലമാണ് മഞ്ചേശ്വരം. ഇത്തവണ ഇവിടെ വന്‍ വിജയം കൊയ്യാനാകുമെന്നാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ തന്നെയാണ് മഞ്ചേശ്വരത്ത് ഇത്തവണയും സ്ഥാനാര്‍ത്ഥി. പതിനായിരത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഇവിടെ ജയിക്കാന്‍ കഴിയുമെന്ന് ബി ജെ പി കണക്കുകൂട്ടുന്നു.
 
2. നേമം
 
2016ല്‍ ബി ജെ പിയുടെ ഒ രാജഗോപാല്‍ ജയിച്ച മണ്ഡലം. കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി ബി ജെ പിക്ക് ജയം സമ്മാനിച്ച നേമത്ത് ഇത്തവണയും വിജയിക്കാന്‍ കഴിയുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. ‘കേരളത്തിന്‍റെ ഗുജറാത്ത്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നേമത്ത് കുമ്മനം രാജശേഖരനാണ് ബി ജെ പി സ്ഥാനാര്‍ത്ഥി.
 
3. പാലക്കാട്
 
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി രണ്ടാം സ്ഥാനത്തുവന്ന മണ്ഡലമാണ് പാലക്കാട്. ഇത്തവണ മെട്രോമാന്‍ ഇ ശ്രീധരനാണ് ബി ജെ പി സ്ഥാനാര്‍ത്ഥി. ഇ ശ്രീധരന്‍റെ വ്യക്തിപ്രഭാവവും ബി ജെ പിയുടെ പരമ്പരാഗത വോട്ടുകളും പാലക്കാട് വിജയം സമ്മാനിക്കുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു.
 
4. തിരുവനന്തപുരം
 
തിരുവനന്തപുരം മണ്ഡലത്തില്‍ ഇത്തവണ ബി ജെ പി ജയിക്കുമെന്നാണ് കൂടുതല്‍ സര്‍വേകളും പ്രവചിക്കുന്നത്. സിനിമാതാരം കൃഷ്‌ണകുമാറാണ് ഇത്തവണ ഇവിടെ ബി ജെ പി സ്ഥാനാര്‍ത്ഥി. തലസ്ഥാന നഗരത്തിന്‍റെ സമ്പൂര്‍ണ വികസനം സാധ്യമാക്കും എന്നാണ് കൃഷ്‌ണകുമാറും ബി ജെ പിയും ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്‌ദാനം. 
 
5. കഴക്കൂട്ടം
 
ബി ജെ പിയിലെ താരറാണിയെന്ന് വിശേഷിപ്പിക്കാവുന്ന ശോഭാ സുരേന്ദ്രനാണ് കഴക്കൂട്ടത്ത് ബി ജെ പി സ്ഥാനാര്‍ത്ഥി. ശബരിമലയിലെ പ്രശ്‌നങ്ങളാണ് ബി ജെ പി ഈ മണ്ഡലത്തില്‍ മുഖ്യവിഷയമായി അവതരിപ്പിക്കുന്നത്. മണ്ഡലത്തില്‍ ശോഭയ്‌‌ക്കുള്ള വലിയ സ്വീകാര്യത ബി ജെ പിക്ക് വിജയപ്രതീക്ഷ സമ്മാനിക്കുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍