തദ്ദേശഭരണ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ല: കെസി ജോസഫ്
ബുധന്‍, 12 ഓഗസ്റ്റ് 2015 (13:57 IST)
തദ്ദേശഭരണ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് സാംസ്കാരികവകുപ്പ് മന്ത്രി കെസി ജോസഫ്. കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, തദ്ദേശ വാർഡ് വിഭജനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സർക്കാർ ഇന്ന് അപ്പീൽ നൽകാനിരിക്കെ നയമ വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. ഒക്ടോബറില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് വിഷയം ഭരണഘടനാപരമായ ബാധ്യതയാണ്. ഈ സാഹചര്യത്തില്‍ ഒക്ടോബറില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്തണം. നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി നിലവില്‍ വരും. സംവരണ മണ്ഡലങ്ങളിലും വാര്‍ഡുകളിലും മാറ്റമുണ്ടാകും. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.
പഞ്ചായത്ത് വിഭജനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഇന്ന് അപ്പീല്‍ നല്‍കാനിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുന്നത്. പുതിയ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന മുസ്ലീംലീഗിന്റെ കടുത്ത നിലപാടാണ് അപ്പീല്‍ പോകാന്‍ കാരണം.