ഇ പി ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ രാവിലെ 10ന്, പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കും

ചൊവ്വ, 14 ഓഗസ്റ്റ് 2018 (08:08 IST)
പിണറായി വിജയൻ മന്ത്രിസഭയിലെ ഇരുപതാമത്തെ മന്ത്രിയായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ ഇന്ന് പത്തിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഗവർണർ പി സദാശിവം രാജ്ഭവനിൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മന്ത്രിസഭാ പുനഃസംഘടനയ്ക്കുള്ള സിപിഎം നിര്‍ദേശത്തിന് ഇടതുമുന്നണി യോഗം അംഗീകാരം നല്‍കിയതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു. 
 
അടുത്ത ബന്ധുവിന് വ്യവസായവകുപ്പിനു കീഴിലുള്ള സ്ഥാപനത്തിൽ ജോലി നൽകിയതിന്റെ പേരിലാണ് 2016 ഒക്ടോബർ 16ന് ജയരാജൻന് രാജിവയ്‌ക്കേണ്ടിവന്നത്. രാജിവയ്‌ക്കുമ്പോൾ അദ്ദേഹം കൈകാര്യം ചെയ്‌തിരുന്ന അതേ വ്യവസായ– കായിക ക്ഷേമ വകുപ്പുകളോടെ തന്നെയാണ് മന്ത്രിസഭയിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവും.
 
ജയരാജന്‍ വ്യവസായ മന്ത്രിയാകുന്നതോടെ, നിലവില്‍ ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്ന എ സി മൊയ്തീന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാകും. തദ്ദേശ വകുപ്പിന്റെ ചുമതലയിലുണ്ടായിരുന്ന കെ ടി ജലീല്‍ ഇനി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മന്ത്രിയായും മാറും.
 
അതേസമയം, ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. തെറ്റുചെയ്‌തെന്ന് കണ്ടെത്തിയതിന്റെ പേരിൽ മന്ത്രിസഭയിൽ നിന്നു പുറത്താക്കിയ ഒരാളെ വീണ്ടും തിരിച്ചെടുക്കുന്നതു ധാർമിതകയ്ക്കു നിരക്കുന്നതല്ലെന്ന് യുഡിഎഫ് നേതൃയോഗത്തിനു ശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍