അതിതീവ്ര ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു, കനത്ത മഴ; സംസ്ഥാനത്ത് ജാഗ്രതാനിർദേശം

ചിപ്പി പീലിപ്പോസ്

വ്യാഴം, 31 ഒക്‌ടോബര്‍ 2019 (08:13 IST)
അറബിക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് കനത്ത ജാഗ്രതാനിർദേശം നൽകി കഴിഞ്ഞു. വരും ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും തുടരും. ഇന്ന് 40 മുതല്‍ 50 കീലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും.
 
കടല്‍ തീരത്തേക്കും മലയോര മേഖലകളിലേക്കം യാത്ര ഒഴിവാക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെടാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കേരള തീരത്ത് ശനിയാഴ്ച വരെ മീന്‍പിടുത്തം പൂര്‍ണ്ണമായും നിരോധിച്ചു.
 
ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട്, ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുന്ന തീവ്രന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്രമാകും. നവംബര്‍ ഒന്നിന് വൈകുന്നേരത്തോടെ ലക്ഷദ്വീപിന് കുറുകെ സഞ്ചരിച്ച് ഇത് ‘മഹാ’ എന്ന് പേരുള്ള ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. 
 
ശനിയാഴ്ചയാണ് മഹായ്ക്ക് ശക്തി പ്രാപിക്കുക. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാ‍നത്ത് അന്നേദിവസം കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട്. ഒപ്പം, സംസ്ഥാനത്ത് മണിക്കൂറില്‍ 90 കിലോ മീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
 
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴമുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍