സിപിഎമ്മിന്റെ തകര്‍ച്ചയ്ക്ക് പിന്നില്‍ കാരാട്ട്; യെച്ചൂരിയുടെ ബദല്‍ രേഖ പുറത്ത്

ശനി, 11 ഏപ്രില്‍ 2015 (11:16 IST)
സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ മുതിര്‍ന്ന നേതാവ് സീതാറാം യെച്ചൂരിയുടെ ബദല്‍ രേഖ പുറത്തായി. കഴിഞ്ഞ സി പി എം ദേശീയ സമ്മേളനത്തില്‍ കാരാട്ടിനെതിരെ യെച്ചൂരി കേന്ദ്രക്കമ്മറ്റിയില്‍ അവതരിപ്പിച്ച ബദല്‍ രേഖയാണ് പുറത്തായിരിക്കുന്നത്. പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് മുഖ്യ കാരണക്കാരനായി പരോക്ഷമായി കുറിപ്പില്‍ സൂചിപ്പിക്കുന്നത് നിലവിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ പ്രകാശ് കാരാട്ടിനേയാണ്. കാരാട്ട് വന്നതിനു ശേഷം പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നെന്നും അടവുനയങ്ങളില്‍ നിന്ന് വ്യതിചലിച്ചെന്നും യെച്ചൂരി കുറ്റപ്പെടുത്തുന്നു.

1978ലെ പത്താം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവുനയം 2004നു ശേഷം നടപ്പാക്കുന്ന രീതിയില്‍ ഗുരുതരമായ വ്യതിയാനങ്ങളുണ്ടായി. ഇതാണ് പാര്‍ട്ടി ഇന്നുനേരിടുന്ന തകര്‍ച്ചയുടെ മുഖ്യകാരണമെന്ന് യെച്ചൂരി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആത്മനിഷ്ഠമായ വിലയിരുത്തലുകള്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത പെരുപ്പിച്ചുകാട്ടലുകള്‍ മാത്രമായിരുന്നു എന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്. വ്യക്തിനിഷ്ഠമായ പ്രവര്‍ത്തനരീതി ജനങ്ങളില്‍ നിന്ന് പാര്‍ട്ടിയെ അകറ്റി. നേതാക്കളുടെ ഇഷ്ടാനിഷ്ടങ്ങളനുസരിച്ചാണ് പ്രവര്‍ത്തകര്‍ക്കു ചുമതലകളും പദവികളും ലഭിക്കുന്നതെന്നും യച്ചൂരി ബദല്‍ കുറിപ്പില്‍ കുറ്റപ്പെടുന്നു.

2004ല്‍ 13 നിയമസഭകളില്‍ പ്രാതിനിധ്യമുണ്ടായിരുന്ന പാര്‍ട്ടിക്ക് ഇപ്പോള്‍ എട്ടു സംസ്ഥാനങ്ങളില്‍ മാത്രമേ എംഎല്‍എമാരുള്ളൂ. അതില്‍ നാലെണ്ണത്തില്‍ ഒരു അംഗം മാത്രമേയുയള്ളൂ എന്നും യെച്ചൂരി ചൂണ്ടിക്കാണിക്കുന്നു. പാര്‍ലമെന്ററി വ്യാമോഹമാണ് സംഘടനയെ കാര്‍ന്നുതിന്നുന്ന വിഭാഗീയത എന്ന വിപത്തിനു വഴിയൊരുക്കിയത്.

ഇക്കാലമത്രയും നടത്തിയ തെറ്റുതിരുത്തല്‍ പ്രക്രിയകൊണ്ട് വലിയ ഗുണമൊന്നും ഉണ്ടായിട്ടില്ലെന്നും യച്ചൂരി തന്റെ കുറിപ്പില്‍ തുറന്നടിക്കുന്നു. സംഘടനാ ദൌര്‍ബല്യങ്ങളും തെറ്റുകളും തിരുത്താനുള്ള ചര്‍ച്ചയ്ക്കായി പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം പ്രത്യേക പ്ളീനം വിളിക്കണമെന്നും യച്ചൂരി ബദല്‍ കുറിപ്പില്‍ ആവശ്യപ്പെട്ടു. മനോരമാ ന്യൂസാണ് യെച്ചൂരിയുടെ ബദല്‍ രേഖ പുറത്ത് വിട്ടത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക