സിപി‌എം നേതൃത്വയോഗങ്ങൾക്ക് ഇന്ന് തുടക്കം; ദുബായിലെ കേസുകൾ ചർച്ചയായേക്കും, കേന്ദ്രനേതൃത്വം കോടിയേരിക്കൊപ്പമല്ല

വ്യാഴം, 8 ഫെബ്രുവരി 2018 (08:26 IST)
സിപിഎം നേതൃയോഗങ്ങൾക്ക് ഇന്നു തുടക്കമാകും. എകെജി സെന്ററിൽ രണ്ടുദിവസം സംസ്ഥാന സെക്രട്ടേറിയറ്റും ചൊവ്വ, ബുധൻ ദിവസങ്ങളിൽ സംസ്ഥാന സമിതിയുമാണ് ചേരുക. സിപിഎം സംസ്ഥാന സെക്രട്ടറി കോട്യേരി ബാലകൃഷ്ണന്റെ രണ്ടുമക്കളും ദുബായ് കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയരായി നിൽക്കുന്ന സാഹചര്യത്തിലാണ് നേതൃത്വയോഗങ്ങൾക്ക് തുടക്കമാകുന്നതെന്നതും പ്രത്യേകതയാണ്. 
 
സംസ്ഥാന സമ്മേളനത്തിനുള്ള റിപ്പോർട്ടുകൾ തയാറാക്കലാണു യോഗത്തിന്റെ മുഖ്യഅജണ്ട. പക്ഷേ, ബിനോയ് കോടിയേരിയുടേയും ബിനീഷ് കോടിയേരിയുടേയും കേസുകൾ ചർച്ചയിൽ ഉയർന്നു വന്നേക്കുമെന്നാണ് സൂചന. തുടക്കത്തിൽ ബിനോയ്ക്കെതിരെ ഉയർന്ന ആരോപണം മാത്രമായിരുന്നു സിപിഎമ്മിന്റെ മുന്നിലെ പ്രശ്നമെങ്കിൽ ഇപ്പോൾ ബിനീഷിനെതിരേയും സമാനമായ ആരോപണമാണ് ഉയർന്നു വന്നിരിക്കുന്നത്. 
 
ബിനോയ്ക്കെതിരെ കേസുണ്ടെന്ന് ബിനീഷ് സമ്മതിക്കുമ്പോഴും ഇരുവർക്കുമെതിരെയുള്ള ആരോപണങ്ങളിൽ കഴമ്പില്ലെന്ന നിലപാടാണ് കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിച്ചിരുന്നത്. ഇത് സംസ്ഥാന നേതൃത്വത്തെ കുഴപ്പിക്കുമെന്ന കാര്യ‌ത്തിൽ സംശയമില്ല. 
 
വിഷയത്തിൽ സംസ്ഥാന ഘടകം ഒറ്റക്കെട്ടായി കോടിയേരിക്കു പിന്നിലുണ്ടെങ്കിലും, കേന്ദ്രനേതൃത്വത്തിന്റെ നിലപാടുകൾ ആശ്വസിക്കാൻ വക തരുന്നതല്ല. വിവാദവുമായി ബന്ധപ്പെട്ട് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി നടത്തിയ പരാമർശങ്ങളിൽ സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍