സുധാകരന്റെ ആരോപണം ജാള്യം മറയ്ക്കാനെന്ന് കോടിയേരി
കെ.സുധാകരന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ.സുധാകരന്റെ ആരോപണം ജാള്യം മറയ്ക്കാനാണെന്നു അദ്ദേഹം പറഞ്ഞു. ഇടതു മുന്നണി സ്ഥാനാര്‍ഥികള്‍ക്കെതിരേ മത്സരിക്കാന്‍ ആളെ കണ്ടെത്താന്‍ പോലും കോണ്‍ഗ്രസിനു കഴിഞ്ഞില്ല. ആര്‍എസ്എസിലേക്ക് ആളെ എത്തിക്കാനുള്ള വഴിയമ്പലമായിരിക്കും വെള്ളാപ്പള്ളി നടേശന്‍ രൂപവത്കരിക്കാന്‍ പോകുന്ന രാഷ്ട്രീയ പാര്‍ട്ടിയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
നേരത്തെ തദ്ദേശതെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പറഞ്ഞിരുന്നു.സി പി എമ്മിന്റെ ഗുണ്ടായിസം നേരിടാനുള്ള ആത്മവീര്യം പൊലീസിനില്ലെന്നും അദ്ദേഹം പറഞ്ഞു. ചില വാര്‍ഡുകളില്‍ കോണ്‍ഗ്രസിന്റെ നാമനിര്‍ദേശപത്രിക തള്ളിയത് പാര്‍ട്ടി മിഷനറിയുടെ കഴിവുകേടാണെന്നും സുധാകരന്‍ പറഞ്ഞു.ആരെ കൊന്നാലും സംരക്ഷിക്കുമെന്ന സന്ദേശമാണ് കാരായിമാരുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് സി പി എം നല്കുന്നത്. ജയരാജന്‍ കേസില്‍ പ്രതിയാകുമ്പോള്‍ മത്സരിക്കുന്നതിനുള്ള കീഴ്വഴക്കമാണ് ഇപ്പോള്‍ ഉണ്ടാകുന്നതെന്നും സുധാകരന്‍ പറഞ്ഞു.