കോവിഡ് നിയമലംഘനം: പിഴയായി കിട്ടിയത് നാനൂറു കോടിയോളം രൂപ
തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് കോവിഡ് നിയമ ലംഘനവഴി പിഴ ഇനത്തിൽ ഈടാക്കിയത് നാനൂറു കോടിയോളം രൂപ. ഈയിനത്തിൽ നിയമ നടപടി നേരിട്ടത് 66 ലക്ഷത്തോളം പേരാണ്.
കോവിഡ് വ്യാപനം തുടങ്ങിയ മാർച്ച് 2020 മുതൽ 19 മാർച്ച് 2022 വരെയുള്ള കണക്കാണിത്. ഇതിൽ തന്നെ മാസ്ക് ധരിക്കാതിരുന്നതിനായി മാത്രം 213 കോടി രൂപയിലേറെ തുക പിഴ ഇനത്തിൽ ലഭിച്ചിട്ടുണ്ട്. മാസ്ക് ധരിക്കാത്തതിന് പിഴ ഒതുക്കിയത് 4273735 പേരാണ്. കോവിഡ് നിയന്ത്രണ ലംഘനത്തിനായി 500 രൂപ മുതൽ 2000 രൂപ വരെ പിഴ അടച്ചവരുണ്ട്. തുടക്കത്തിൽ മാസ്ക് ധരിച്ചില്ലെങ്കിൽ നൂറു രൂപ പിഴ ആയിരുന്നത് പിന്നീട് 500 രൂപയിലേക്ക് ഉയർത്തി.
കോവിഡ് ബന്ധപ്പെടുത്തിയ നിയമ ലംഘനങ്ങൾക്ക് 1227065 കേസുകൾ രജിസ്റ്റർ ചെയ്തതിലൂടെ 546579 പേരെ അറസ്റ്റ് ചെയ്തു. ഇതിനൊപ്പം 536911 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.