മകളുടെ പേരിനെച്ചൊല്ലി ചര്‍ച്ചകള്‍; മറുപടിയുമായി പൃഥ്വിരാജ്

ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (09:48 IST)
മകളുടെ പേരിനെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്ക്‌ മറുപടിയുമായി നടന്‍ പൃഥ്വിരാജ്‌. അലംകൃത മേനോന്‍ പൃഥ്വിരാജ്‌ എന്നാണ്‌ മകള്‍ക്ക്‌ പേരിട്ടതെന്ന് കഴിഞ്ഞ ദിവസം പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു‌. തുടര്‍ന്ന് പേരിനെ ചൊല്ലി ചര്‍ച്ചകള്‍ തുടങ്ങിയതോടെയാണ് ഫേസ്ബുക്കില്‍ വിശദീകരണവുമായി പൃഥ്വിയെത്തിയത്.  
 
പേരിനൊപ്പം ജാതിപ്പേര്‌ ചേര്‍ക്കുന്നതിനെ നേരത്തെ പൃഥ്വിരാജ്‌ വിമര്‍ശിച്ചിരുന്നു. അങ്ങനെയുള്ളവരെ കാണുമ്പോള്‍ സഹതാപം തോന്നുന്നുവെന്നായിരുന്നു പൃഥ്വിയുടെ വിമര്‍ശനം. ഈ ചോദ്യം ചിലര്‍ ഉന്നയിച്ചതോടെയാണ് മകളുടെ പേരിലെ മേനോന്‍ ജാതിപ്പേരല്ലെന്ന് പൃഥ്വി വിശദീകരിച്ചത്. 
 
ആദ്യം മകള്‍ക്ക് അലംകൃത സുപ്രിയ പൃഥ്വിരാജ് എന്നായിരുന്നു തീരുമാനിച്ചത്. തന്റെ ഭാര്യയെ സഹപ്രവര്‍ത്തകര്‍ വിളിക്കുന്നത് മിസ് മേനോന്‍ എന്നാണ്. അവരുടെ പ്രൊഫഷനില്‍ അവര്‍ അറിയപ്പെടുന്നതും അങ്ങനെയാണ്. ‌മകളുടെ പേരിനൊപ്പമുള്ള മേനോന്‍ ഈ അര്‍ഥത്തിലാണ്. അല്ലാതെ ജാതിപ്പേരിലല്ല. ആണ്‍കോയ്‌മ ഇഷ്‌ടപ്പെടാത്തതിനാലാണ്‌ ഭാര്യയുടെ പേര്‌ കൂടി ചേര്‍ത്ത്‌ പേരിട്ടതെന്നും പൃഥ്വിരാജ്‌ വ്യക്‌തമാക്കി.
 
ജാതി സംബന്ധമായ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും പൃഥ്വി പറയുന്നു. എന്നാല്‍ വിവാദത്തിനോ ചര്‍ച്ചയ്ക്കള്‍ക്കോ കാര്യമില്ലെന്നും പൃഥ്വിയുടെ മകളുടെ പേര് എന്താണെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം മാത്രമാണെന്ന നിലപാടുമായി ആരാധകരും രംഗത്തുണ്ട്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക