കൂട്ടായ നേതൃത്വം എന്നു പറഞ്ഞാല്‍ എല്ലാവരും മത്സരിക്കുമെന്നല്ല - സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സുധീരന്റെ മറുപടി

തിങ്കള്‍, 22 ഫെബ്രുവരി 2016 (14:09 IST)
കൂട്ടായ നേതൃത്വം എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം എല്ലാവരും മത്സരിക്കുമെന്നല്ലെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ ഡല്‍ഹിയില്‍ എത്തിയതായിരുന്നു അദ്ദേഹം.
 
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സുധീരനൊപ്പം ഡല്‍ഹിയില്‍ ഉണ്ട്. മൂവരും ഒരുമിച്ച് ആയിരിക്കും ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുക. തെരഞ്ഞെടുപ്പില്‍ ആരൊക്കെ മത്സരിക്കണമെന്നത് സംബന്ധിച്ച് ആര് നയിക്കണമെന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
 
ഹൈക്കമാന്‍ഡുമായി പൊതുവായ കാര്യങ്ങള്‍ ആയിരിക്കും ചര്‍ച്ച ചെയ്യുക. അതേസമയം, ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള മറുപടികളായിരുന്നു സുധീരന്‍ മാധ്യമങ്ങള്‍ക്ക് നല്കിയത്.
 
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് കൂടി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഡല്‍ഹിയിലെ ചര്‍ച്ചകള്‍ പുരോഗമിക്കുക‍. ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ ചാണ്ടി ഞായറാഴ്ച തന്നെ ഡല്‍ഹിയിലെത്തിയിരുന്നു.
 
കൂടുതല്‍ പുതുമുഖങ്ങള്‍ വേണമെന്നും ആരോപണവിധേയരെ ഒഴിവാക്കണമെന്നും കെ പി സി സി യോഗത്തില്‍ നേരത്തേ നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു.

വെബ്ദുനിയ വായിക്കുക