Pinarayi Vijayan: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ട് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്‍, മകള്‍ വീണ വിജയന്‍, മകളുടെ ഭര്‍ത്താവും പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസും യാത്രാ സംഘത്തിലുണ്ട്. ഇന്തോനേഷ്യ, സിംഗപ്പൂര്‍, യുഎഇ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി കുടുംബസമേതം സന്ദര്‍ശനം നടത്തുക. മേയ് 21 ന് ശേഷം മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കോ മറ്റു വകുപ്പ് മന്ത്രിമാര്‍ക്കോ സ്വന്തം താല്‍പര്യ പ്രകാരം വിദേശ യാത്ര നടത്താന്‍ അനുമതിയില്ല. ഔദ്യോഗികമായോ സ്വകാര്യ ആവശ്യങ്ങള്‍ക്കോ മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ വിദേശത്തേക്ക് പോകുകയാണെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരിക്കണം. ഇപ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ച ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയനും വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും വിദേശ യാത്ര നടത്തുന്നത്.
മാത്രമല്ല മുഖ്യമന്ത്രിക്കോ വകുപ്പ് മന്ത്രിക്കോ വിദേശ യാത്ര നടത്താന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി അത്യാവശ്യമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബ സമേതമുള്ള യാത്രയ്ക്ക് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പലവട്ടം മുഖ്യമന്ത്രിയും മറ്റു വകുപ്പ് മന്ത്രിമാരും നടത്തേണ്ട ഔദ്യോഗിക വിദേശയാത്ര പോലും മാറ്റിവച്ചിട്ടുണ്ട്. ഇപ്പോഴത്തേത് സ്വകാര്യ യാത്ര ആയതിനാല്‍ ഇതിന്റെ എല്ലാ ചെലവുകളും മുഖ്യമന്ത്രി വ്യക്തിപരമായി വഹിക്കണം. ഈ യാത്രയ്ക്കായി പൊതു ഖജനാവില്‍ നിന്ന് പണമെടുക്കാന്‍ അനുമതിയില്ല.