മംഗളത്തിനും അജിത് കുമാറിനും മാപ്പു നൽകാതെ സോഷ്യൽ മീഡിയ

വെള്ളി, 31 മാര്‍ച്ച് 2017 (14:37 IST)
ഗതാഗത മന്ത്രി എകെ ശശീന്ദ്രന്റേതെന്ന് പറഞ്ഞ് മംഗളം ചാനൽ പുറത്തുവിട്ട ഫോൺ സംഭാഷണം വിവാദങ്ങൾക്ക് വഴി തെളിച്ചതിനെതുടർന്ന് പരസ്യമായി ചാനൽ മാപ്പ് പറഞ്ഞെങ്കിലും അംഗീകരിക്കാത്ത നിലപാടുകളാണ് സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത്. 
 
പുറത്ത് വിട്ട ലൈംഗിക സംഭാഷണം ചോര്‍ന്നതല്ലെന്നും ഫോൺ വിളിച്ചത് വീട്ടമ്മയല്ല, മംഗളത്തിലെ മാധ്യമ പ്രവര്‍ത്തകയാണെന്നും അതിൽ ഖേദിക്കുന്നുവെന്നും ടെലിവിഷന്‍ സിഇഓ അജിത്കുമാർ പറഞ്ഞിരുന്നു. എന്നാൽ, മാപ്പ് അപേക്ഷിച്ചത് കൊണ്ട് അവസാനിക്കുന്നതല്ല പ്രശ്‌നമെന്നും അദ്ദേഹത്തിന്റെ മാപ്പിന് മപ്പില്ലെന്നും മാധ്യമ പ്രവർത്തകർ തന്നെ പറയുന്നു.,
 
എം. മുകുന്ദന്‍ ,എസ്. ജയചന്ദ്രന്‍ നായര്‍ സക്കറിയ, എന്‍ എസ് മാധവന്‍ ,എം കെ സാനു, സുഗതകുമാരി, എം എന്‍ കാരശ്ശേരി, അടൂര്‍ ഗോപാലകൃഷ്ണന്‍, സി വി ബാലകൃഷ്ണന്‍, സാറാ ജോസഫ്, അഷിത, അനിത തമ്പി,  കെ വേണു, റോസ് മേരി, ആഷാ മേനോന്‍, സന്തോഷ് എച്ചിക്കാനം, കെ ആര്‍ മീര, ആര്‍ ഉണ്ണി, ശ്രീബാല, മാലാ പാര്‍വതി എന്നിവര്‍ മംഗളത്തിന്റെ ഖേദപ്രകടനത്തിന് മുമ്പു തന്നെ രംഗത്തെത്തിയിരുന്നു.
 
നിൽക്കക്കള്ളിയില്ലാതായപ്പോഴാണ് അജിത്കുമാർ പൊതുസമൂഹത്തോട് ഖേദപ്രകടനം നടത്തിയതെന്ന് മാതൃഭൂമി ന്യൂസ് എഡിറ്റർ ഹർഷൻ പറയുന്നു. ശശീന്ദ്രനെ 'പീഡിപ്പിച്ചത്' പരാതിക്കാരിയല്ല,സ്വന്തം ജീവനക്കാരിയായിരുന്നെന്ന് കുറ്റസമ്മതം നടത്തിയിട്ടുമുണ്ട്. കുറ്റവാളികൾ ശിക്ഷിയ്ക്കപ്പെടണം. തെറ്റയിൽ മുതൽ ശശീന്ദ്രൻ വരെ നമ്മളാൽ രക്തസാക്ഷികളായവരാണെന്ന് തിരിച്ചറിയണമെന്നും ഹർഷൻ പറയുന്നു.
 
മാതൃഭൂമിയുടെ കോപ്പി എഡിറ്റർ മനില സി മോഹനും ഇതേ അഭിപ്രായം തന്നെയാണ്. അജിത് കുമാറിന്റെ മാപ്പിന് മാപ്പില്ലെന്ന് മനില പറയുന്നു. നിങ്ങൾ ചെയ്തത് മാപ്പില്ലാത്ത കുറ്റമാണ്. നിങ്ങളുടെ സഹപ്രവർത്തക നിങ്ങൾക്ക് വെറുമൊരു ശരീരമായിരുന്നു. സ്ത്രീകളായ മുഴുവൻ ജേണലിസ്റ്റുകളെയും നിങ്ങൾ പരിഹാസ്യരാക്കുകയാണ് ചെയ്തതെന്നും മനില വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക