അധികാരം ആസ്വദിച്ചശേഷം ഭദ്രയിപ്പോള്‍ കുറ്റം പറയുന്നു: എന്‍ വേണുഗോപാല്‍
ബുധന്‍, 4 നവംബര്‍ 2015 (11:39 IST)
കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെ സംസാരിച്ച മുന്‍ ഡെപ്യൂട്ടി മേയര്‍ ഭദ്രയ്‌ക്കെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ വേണുഗോപാല്‍. ഇത്തവണ മത്സരിക്കാന്‍ ഭദ്ര സീറ്റ് ആവശ്യപ്പെട്ടിരുന്നില്ല. ക്ഷണിച്ച് കൊണ്ട് വന്ന് നിര്‍ത്തി വിജയിപ്പിക്കേണ്ട പ്രാധാന്യം അവര്‍ക്കില്ല. അധികാരത്തിലിരിക്കുമ്പോൾ അത് ആസ്വദിച്ച ശേഷം ഇപ്പോള്‍ കുറ്റം പറയുകയാണ് ഭദ്ര. വ്യക്തിത്വമുണ്ടായിരുന്നെങ്കില്‍ അവര്‍ രാജിവെച്ച് പുറത്ത് പോകണമായിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.
അധികാരത്തിലിരിക്കെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും അധികാരം ആസ്വദിക്കുകയും ചെയ്‌ത ശേഷമാണ് ഭദ്ര ഇപ്പോള്‍ കുറ്റം പറയുന്നുന്നത്. അഞ്ച് വര്‍ഷം സ്വാഗതം പറഞ്ഞു നടന്നിട്ട് ഭദ്ര ഇപ്പോള്‍ സ്വന്തം പരാജയം മൂടിവെക്കാനാണ് കുറ്റം പറയുന്നത്. ഭദ്ര അധികാര സ്ഥാനങ്ങളിലേക്ക് പുതിയ താവളങ്ങളന്വേഷിക്കുകയാണെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.
അതേസമയം, താന്‍ എന്നും കോണ്‍ഗ്രസുകാരിയായിരിക്കുമെന്ന് ഭദ്ര പറഞ്ഞു. സ്ഥാനമാങ്ങള്‍ക്ക് പിന്നാലെ പോയിട്ടില്ല. പത്രസമ്മേളനം വിളിച്ചതു മാത്രമാണ് താന്‍ ചെയ്‌ത തെറ്റ്. ഒരു പാര്‍ട്ടിയിലേക്കും പോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസുകാരിയായിട്ട് മരിക്കാനാണ് ആഗ്രഹം. തന്റെ പാരമ്പര്യം കോണ്‍ഗ്രസില്‍ നിന്നാണ്. ചേരിതിരിവ് ഉണ്ടാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. അഞ്ചുവര്‍ഷവും സത്യസന്ധമായാണ് പ്രവര്‍ത്തിച്ചത്. പരാജയങ്ങള്‍ മറച്ചുവെക്കാനല്ല താന്‍ സംസാരിച്ചതെന്നും ഭദ്ര പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് യു.ഡി.എഫിനെതിരെ ശക്തമായ ആരോപണങ്ങളുമായി ഭദ്ര രംഗത്തെത്തിയത്. പ്രതിപക്ഷത്തുനിന്ന് ഉള്ളതിനേക്കാള്‍ എതിര്‍പ്പ് ഭരണപക്ഷത്ത് നിന്ന് തന്നെയാണ് തനിക്ക് അനുഭവിക്കേണ്ടി വന്നതെന്നായിരുന്നു അവരുടെ ആരോപണം. ഗ്രൂപ്പുതര്‍ക്കം മൂലം ബജറ്റ് അവതരിപ്പിക്കാന്‍ പോലും പറ്റാത്ത സാഹചര്യമായിരുന്നുവെന്നും ഒടുവില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഇടപെട്ടിട്ടാണ് ബജറ്റ് അവതരിപ്പിക്കാന്‍ സാധിച്ചതെന്നും അവര്‍ പറഞ്ഞിരുന്നു.