സാധാരണക്കാരന്റെ അടുക്കള ബജറ്റിനെ താളംതെറ്റിച്ച് ഇറച്ചിക്കോഴി വില. സംസ്ഥാനത്ത് പലയിടത്തും ഒരു കിലോ ഇറച്ചിക്കോഴിക്ക് 160 നും 170 നും ഇടയില്‍ വിലയായി. വില ഇനിയും കുതിച്ചുയരുമെന്നാണ് വിപണി സൂചനകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇറച്ചിക്കോഴി കിലോയ്ക്ക് 200 രൂപ വരെ എത്താനും സാധ്യതയുണ്ട്. കനത്ത ചൂടും കോഴിത്തീറ്റയുടേയും കോഴിക്കുഞ്ഞുങ്ങളുടേയും വില വര്‍ധിച്ചതുമാണ് ഇറച്ചിക്കോഴി വില വര്‍ധിക്കാന്‍ കാരണം.
കോഴിത്തീറ്റയ്ക്കു കഴിഞ്ഞ 2 മാസത്തിനിടയില്‍ 300 രൂപയാണു ചാക്കൊന്നിന് വര്‍ധിച്ചത്. ശരാശരി 1400-1500 രൂപയുണ്ടായിരുന്ന കോഴിത്തീറ്റയ്ക്കു ഇപ്പോള്‍ 2460 രൂപയായി ഉയര്‍ന്നു. അതോടൊപ്പം കോഴിക്കുഞ്ഞുങ്ങള്‍ക്കും വില രണ്ടിരട്ടിയിലേറെ കൂടി. 12-15 രൂപയുണ്ടായിരുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്ക് 42 രൂപയായി. വില കൂടിയതോടെ കടകളിലും തിരക്കൊഴിഞ്ഞു.